'നിങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ മതിയാവില്ല, ആ സ്നേഹം അളക്കാനുമാവില്ല. എക്കാലത്തെയും നിത്യഹരിത യൗവനത്തിന് സന്തോഷകരമായ പിറന്നാളാശംസകള്‍..' മമ്മൂട്ടിയുടെ അറുപത്തിയേഴാം പിറന്നാളിന് ദുല്‍ഖറിന്‍റെ ആശംസാവാചകങ്ങളാണ് ഇത്.

മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ മിക്കവരും തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന് ആശംസകളുമായി എത്തിയെങ്കില്‍ മമ്മൂട്ടിയെ ഞെട്ടിച്ചത് ഒരു കൂട്ടം ആരാധകരായിരുന്നു. അര്‍ധരാത്രി കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലെത്തിയാണ് ഒരു സംഘം യുവാക്കള്‍ പ്രിയതാരത്തോട് തങ്ങള്‍ക്കുള്ള ആരാധന വെളിപ്പെടുത്തിയത്. തന്നെ നേരില്‍ കണ്ടതിന്‍റെ സന്തോഷത്തില്‍ ആരവം മുഴക്കിയവരോട് 'പിറന്നാള്‍ മധുരം എടുക്കട്ടെ' എന്നാണ് മമ്മൂട്ടി ചോദിച്ചത്.

 

മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരൊക്കെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി മമ്മൂട്ടിക്കുള്ള ആശംസ അറിയിച്ചു. ഇപ്പോഴത്തേതുപോലെ എക്കാലവും ഒരു പ്രചോദനമായി നിലകൊള്ളാനാവട്ടെ എന്നായിരുന്നു പൃഥ്വിരാജിന്‍റെ ആശംസ. ഒപ്പം ഇനിയും മമ്മൂട്ടിക്കൊപ്പം സിനിമകളില്‍ അഭിനയിക്കാനുള്ള ആഗ്രഹവും പൃഥ്വിരാജ് തന്‍റെ പോസ്റ്റിലൂടെ പ്രകടിപ്പിച്ചു.