1971 ബിയോണ്ട് ബോര്‍ഡേഴ്‍സിലൂടെ മലയാളത്തിലേക്കും എത്തിയിരുന്നു അല്ലു അര്‍ജുന്‍റെ സഹോദരന്‍
കരിയറിന്റെ ആദ്യഘട്ടം മുതല് തെരഞ്ഞെടുപ്പുകളില് ശ്രദ്ധിച്ച നടനാണ് ദുല്ഖര് സല്മാന്. ഒരു നടനെന്ന നിലയിലെ വളര്ച്ചയ്ക്കൊപ്പം വെറും ആറ് വര്ഷത്തിനുള്ളില് ഇപ്പോഴത്തെ താരമൂല്യത്തിലേക്ക് ദുല്ഖര് നടന്നുകയറിയതിന് പിന്നില് ആ തെരഞ്ഞെടുപ്പുകളുണ്ട്. ദുല്ഖറിന്റെ കരിയറിലെ നാലാം ചിത്രമായിരുന്ന, മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി: അമേരിക്കന് ബോണ് കണ്ഫ്യൂസ്ഡ് ദേശി തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. റിലീസായി അഞ്ച് വര്ഷത്തിന് ശേഷമാണ് മലയാളത്തില് ബോക്സ്ഓഫീസ് വിജയം നേടിയ സിനിമ റീമേക്ക് ചെയ്യപ്പെടുന്നത്. സഞ്ജീവ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില് നായകനാവുന്നത് അല്ലു സിരീഷ്.
എന്നാല് എബിസിഡിയുടെ റീമേക്ക് ആലോചനകള്ക്ക് വര്ഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയുന്നു അല്ലു സിരീഷ്. "സിനിമ മലയാളത്തില് പുറത്തിറങ്ങി മൂന്ന് മാസത്തിനുള്ളില് റീമേക്കിനുള്ള അവസരം എന്നെത്തേടി വന്നിരുന്നു. പക്ഷേ തെലുങ്ക് ചിത്രങ്ങളുടെ കമ്മിറ്റ്മെന്റുകള് ഉണ്ടായിരുന്നതിനാല് റീമേക്കുകള് വേണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ എബിസിഡി എന്റെ മനസ്സില് എന്നുമുണ്ടായിരുന്നു. ദുല്ഖര് ചെയ്ത വേഷം ഞാന് അവതരിപ്പിച്ചാല് എങ്ങനെയുണ്ടാവുമെന്ന് എപ്പോഴും ആലോചിച്ചിരുന്നു." അല്ലു സിരീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

അല്ലു അര്ജുന്റെ സഹോദരനായ അല്ലു സിരീഷ് തെലുങ്ക് യുവതാരനിരയില് ശ്രദ്ധേയനാണ്. മേജര് രവി-മോഹന്ലാല് ചിത്രം 1971 ബിയോണ്ട് ബോര്ഡേഴ്സിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു അല്ലു സിരീഷ്. ലെഫ്: ചിന്മയ് എന്ന കഥാപാത്രത്തെയാണ് സിരീഷ് അവതരിപ്പിച്ചത്. മോഹന്ലാലും സൂര്യയും ഒന്നിക്കുന്ന കെ.വി.ആനന്ദ് ചിത്രത്തിലും സിരീഷിന് വേഷമുണ്ട്.
