ഒടുവില്‍ ദുല്‍ഖറിന്‍റെ മറുപടിയെത്തി; പക്ഷെ സുഡുമോന്‍ കരഞ്ഞു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് പുതിയ ഹിറ്റ് ചിത്രമായ സുഡാനി ഫ്രം നൈജീരിയയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ദുല്‍ഖര്‍ സല്‍മാന് മെസേജ് അയച്ച് മറുപടി വരാത്തതിലുള്ള ദുഖം സുഡുമോന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് എല്ലാം ശരിയാകുമെന്നും ദുല്‍ഖറിന്‍റെ മറുപടിയെത്തുമെന്നും ആശ്വസിപ്പിച്ച് ആരാധകരും എത്തിയിരുന്നു. താങ്കള്‍ വലിയൊരു നടനാണെന്നും സൂപ്പര്‍ സ്റ്റാറിന്‍റെ മകനായിട്ടും സ്വന്തമായ അഭിനയ ശൈലികൊണ്ട് സ്ഥാനം കണ്ടെത്തിയ ആളാണെന്നും താങ്കള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നുമായിരുന്നു സാമുവലിന്‍റെ മെസേജ്.

'താങ്കളുടെ വാക്കുകള്‍ക്ക് നന്ദി, താങ്കളുടെ സിനമ ഞാന്‍ കണ്ടു... താങ്കളും സൗബിയും പൊളിച്ചടുക്കിയിരിക്കുകയാണ്.. തിരിച്ചെത്തിയ ശേഷം ഒരിക്കല്‍ കൂടി സിനിമ കാണണമെന്നുണ്ട്. ഒരുപാട് സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേരുന്നു.' ഇങ്ങനെയായിരുന്നു ദുല്‍ഖറിന്‍റെ പ്രതികരണം. അതോടൊപ്പം തന്നെ ഇസ്റ്റാഗ്രമിലും ട്വിറ്ററിലും ദുല്‍ഖര്‍ സാമുവലിനെ ഫോളോ ചെയ്യുകയും ചെയ്തു.

ഇതോടെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിയ സാമുവല്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. ദുല്‍ഖറിന്‍റെ മറുപടി ലഭിച്ചുവെന്നും എനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും സാമുവല്‍ കണ്ണു നിറച്ചുകൊണ്ട് പറഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണെന്ന് പറഞ്ഞ് തുള്ളിച്ചാടുന്ന സാമുവലിനെയാണ് ആരാധകര്‍ കണ്ടത്. അദ്ദേഹം എന്നെ ഫോളോ ചെയ്തു... എനിക്ക് വിശ്വസിക്കാനാകുന്നില്ല... എന്നു പറഞ്ഞ് തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം. ഏതായാലും ദുല്‍ഖര്‍ മറുപടി നല്‍കിയതിന്‍റെ സന്തോഷത്തിലാണ് മലയാളികളായ സുഡു ആരാധകര്‍.