ആദ്യം സംഭവിച്ചതിന്റെ പ്രത്യാഘാതം മാത്രമേ സിനിമയില്‍ കാണിച്ചിട്ടുള്ളൂ. ശരിക്കും നടന്നത് അവര്‍ പടത്തില്‍ കാണിച്ചിട്ടേയില്ല
ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'എമ്പുരാൻ' എന്ന ചിത്രം. വലിയ കളക്ഷൻ സ്വന്തമാക്കാൻ സാധിച്ചെങ്കിലും റിലീസിന് പിന്നാലെ വലിയ വിവാദങ്ങളും ചിത്രം നേരിട്ടിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ പരാമർശിച്ചത് കൊണ്ടുതന്നെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ റീസെൻസർ ചെയ്യുകയും വില്ലനായ കഥാപാത്രത്തിന്റെ പേര് വരെ മാറ്റേണ്ടിയും വന്നിരുന്നു. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമ ദേശവിരുദ്ധമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ദേവൻ. താൻ എമ്പുരാൻ എന്ന സിനിമയ്ക്ക് എതിരാണെന്നും ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും എതിരായ സിനിമയാണ് എമ്പുരാൻ എന്നും ദേവൻ പറയുന്നു.
"നടന്ന കാര്യമാണ് സിനിമയില്‍ കാണിച്ചതെന്ന് പറയുന്നു. പക്ഷെ അതൊന്നും നടന്നതല്ലല്ലോ. പടത്തിന്റെ തുടക്കത്തില്‍ അവര്‍ കുറേ കാര്യങ്ങള്‍ കാണിച്ചു. എന്നിട്ട് പിന്നീടുണ്ടായ കാര്യങ്ങളും അതിന് മുമ്പ് ഉണ്ടായതുമൊക്കെ അവര്‍ മറച്ചവച്ചു . ആദ്യം സംഭവിച്ചതിന്റെ പ്രത്യാഘാതം മാത്രമേ സിനിമയില്‍ കാണിച്ചിട്ടുള്ളൂ. ശരിക്കും നടന്നത് അവര്‍ പടത്തില്‍ കാണിച്ചിട്ടേയില്ല" ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവന്റെ പ്രതികരണം.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് എമ്പുരാൻ നിർമിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ആണ് ചിത്രം എത്തിയത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിച്ച ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിര അണിനിരന്നിരുന്നു. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്‍തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലായിരുന്നു.


