Asianet News MalayalamAsianet News Malayalam

അവര്‍ ടാക്സ് വെട്ടിച്ചിട്ടില്ല, ബെന്‍സ് കാണുന്നത് ആദ്യവുമല്ല; മല്ലികയെ ട്രോളുന്നവര്‍ ഇത് കൂടിയറിയണം

  • അവര്‍ ടാക്സ് വെട്ടിച്ചിട്ടില്ല, ബെന്‍സ് കാണുന്നത് ആദ്യവുമല്ല; മല്ലികയെ ട്രോളുന്നവര്‍ ഇത് കൂടിയറിയണം
  • ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷിക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ല
facebook post went viral in favor of mallika sukumaran

തിരുവനന്തപുരം: പൃഥ്വിരാജ് നാല് കോടിയുടെ ലംബോര്‍ഗിനി വാങ്ങിയതും ഇഷ്ട നമ്പറിട്ടതുമെല്ലാം ആരാധകര്‍ ഏറെ ആഘോഷമാക്കിയതാണ്. എന്നാല്‍ കോടികള്‍ വില വരുന്ന ഈ കാര്‍ തിരുവനന്തപുരത്തെ സ്വന്തം തറവാട്ടിലേക്ക് കൊണ്ടുവരാന്‍ പറ്റില്ലെന്നതിന് മല്ലിക സുകുമാരന്‍ നല്‍കിയ വിശദീകരണത്തിന് വ്യാപകമായ രീതിയിലാണ് പരിഹസിക്കപ്പെട്ടതും ട്രോളുകള്‍ ഉണ്ടാക്കിയതും.  എന്നാല്‍ കാര്യമറിയാതെ വളഞ്ഞിട്ട് ട്രോളുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച്  വര്‍ഷങ്ങളോളം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ഇവരോടൊപ്പമുള്ള സിദ്ധു എഴുതുന്ന കുറിപ്പ് ആരെയും ചിന്തിപ്പിക്കുന്നതാണ്. ട്രോള്‍ മഴയില്‍ കുളിച്ചെങ്കിലും നിരവധി പേര്‍ റോ‍ഡുകളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ച് മല്ലികയെ പിന്തുണച്ച് എത്തിയിരുന്നു.

സിദ്ധുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം


ഒരാൾ സമ്പന്നനാകുന്നത് നേരായ വഴിയിലാണെങ്കിൽ തെറ്റാണെന്നു പറയാൻ പറ്റില്ല. ആർക് ലൈറ്റുകളുടെ മുന്നിൽ കഠിന മായി അധ്വാനിച്ചു, അഭിനയിച്ചുണ്ടാക്കിയ പണം അനാവശ്യ ചിലവുകൾ ഒഴിവാക്കിയും ബുദ്ധിപരമായ രീതിയിൽ ഇൻവെസ്റ്റ്‌ ചെയ്തുമാണ് സുകുമാരൻ സാർ സമ്പന്നനായത്. 49 ആം വയസിൽ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വേർപാടിൽ ആ കുടുംബം ഉലയാതെ നിന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലവും ആ സൗഭാഗ്യങ്ങളും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്നത് സ്വാഭാവികമാണ്. ഇനി കാര്യത്തിലേക്കു വരാം മല്ലികച്ചേച്ചി അവർക്കു ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ കാറുകളെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. ഞാൻ സാറിന്റെ കൂടെ കൂടുമ്പോൾ അംബാസിഡർ ബെൻസ് എന്നീ കാറുകളുണ്ട്. പിന്നാലെ മാരുതി വന്നു. 

ഇന്ദ്രനും രാജുവും ചെറിയകുട്ടികളാണ്. ചേച്ചി ഡ്രൈവ് ചെയ്തു അവരെ സ്കൂളിൽ വിടും. സർക്കാരിന് കൃത്യമായി ടാക്സ് കൊടുക്കുന്ന ഏതൊരാൾക്കും ചോദിക്കാവുന്ന പറയാവുന്ന കാര്യം തന്നെയാണ് ചേച്ചിയും പറഞ്ഞത്. സർക്കാരിന് കൊടുക്കാനുള്ള ടാക്സ് വെട്ടിക്കുകയോ വണ്ടികൾ അന്യനാട്ടിൽ രജിസ്റ്റർ ചെയ്തു ലാഭം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല അവർ. ചേച്ചി ചോദിച്ച ഈ ചോദ്യങ്ങൾ സമൂഹത്തിൽ നിന്നുയരേണ്ടതാണ്. റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് ചാനലുകൾ പരമ്പരതന്നെ ടെലികാസ്റ് ചെയ്യാറുള്ളത് നമ്മൾ മറന്നുപോകരുത്. മെയിൻ റോഡുകളുടെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡ്രൈവിങിനെ പറ്റിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത് അപ്പോൾ അവരുടെ കാറുകളെ പറ്റി പറയുന്നത് സ്വാഭാവികം. പിന്നെ പലർക്കും അറിയാത്ത ഒരു കാര്യം ആ ഇന്റർവ്യൂ ഒരു ചോദ്യം ഉത്തരം പരിപാടിപോലെയാണ് ചോദ്യം അവർ കാണിക്കുന്നില്ലെന്നു മാത്രം. 

സാറിന്റെയും ചേച്ചിയുടെയും മനസിന്റെ നന്മയെ കുറിച്ച് ഞാൻ പറയാം.ഞാൻ സാറിന്റെ കൂടെ കൂടിയപ്പോൾ അദ്ദേഹത്തിന്റെ പടത്തിന്റെ ജോലികൾ ഏൽപ്പിക്കുക മാത്രമല്ല ചെയ്തത്. അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യം തന്നു. അദ്ദേഹത്തോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. ദൂരെ വിളിപ്പുറത്തു എവിടെയെങ്കിലും നിൽക്കേണ്ട യോഗ്യതയെ ഞാൻ ആരും അല്ലാതിരുന്ന ആ കാലത്ത് എനിക്കുണ്ടായിരുന്നുള്ളു. എന്നിട്ടും സാറും ചേച്ചിയും എന്നോട് കരുണകാട്ടി. കരുണയായിരുന്നില്ല നിറഞ്ഞ സ്നേഹം. സാറും ചേച്ചിയും ഇന്ദ്രനും രാജുവും അടങ്ങുന്ന ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു ഞാനും. ഇന്നും ഞാനും ഭാര്യയും മക്കളും അനുഭവിച്ചുകൊണ്ടിരിക്കുന്നു ആ കുടുംബങ്ങളുടെ സ്നേഹം. ചേച്ചിയെ പരിചയം ഉള്ളവർക്കറിയാം ആ സ്നേഹവും കാരുണ്യവും. ട്രോൾ ഒരു തൊഴിൽ ആക്കിയിരിക്കുന്നവർക്കു മാനുഷീക മൂല്യങ്ങൾ നോക്കേണ്ട കാര്യമില്ലല്ലോ. ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം.

 

 

Follow Us:
Download App:
  • android
  • ios