ഫഹദിന് സാധാരണ പ്രേക്ഷകരുടെ ഇടയില്‍ സ്വീകാര്യത നേടിക്കൊടുത്ത സിനിമയായിരുന്നു ഒരു ഇന്ത്യന്‍ പ്രണയകഥ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയില്‍ അയ്മനം സിദ്ധാർത്ഥ് എന്ന വലതുപക്ഷ യുവ രാഷ്ട്രീയപ്രവര്‍ത്തകനെ ആയിരുന്നു ഫഹദ് അവതരിപ്പിച്ചത്. സിനിമയില്‍ ഫഹദ് ഓടുന്ന ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാര്‍ ഏറ്റെടുത്തിരുന്നു. രാഷ്ട്രീയക്കാരെ കളിയാക്കാനുള്ള സന്ദര്‍ഭങ്ങളില്‍ ട്രോളര്‍മാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന രംഗമാണ് ഇത്.

ഒരു കൈ നെഞ്ചത്തും മറ്റേ കൈ വീശിയും ഓടുന്ന ഓട്ടം ഫഹദിന് കിട്ടിയത് നെടുമുടി വേണുവില്‍ നിന്നാണ്. നെടുമുടി വേണു ഇന്ത്യന്‍ പ്രണയകഥയുടെ സെറ്റില്‍ വന്നപ്പോഴാണ് ആ കഥ ഫഹദിനോട് പറയുന്നത്. നെടുമുടി വേണുവും ഫഹദിന്റെ അച്ഛനും ഒരുമിച്ച് പഠിച്ചവരായിരുന്നു. കോളേജില്‍ സമരമൊക്കെ വരുമ്പോള്‍ കീശയിലുള്ള കാശ് തെറിച്ച് പോകാതിരിക്കാന്‍ കൈ നെഞ്ചത്ത് വച്ച്, ഒരു കൈ വീശി ഫാസില്‍ ഓടുമായിരുന്നുവെന്ന് നെടുമുടി വേണു പറഞ്ഞു. അതാണ് ആ രംഗം വന്നപ്പോള്‍ ഫഹദ് അനുകരിച്ചത്.