അറുപത്തിയേഴാം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയനടന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരും. മമ്മൂട്ടിക്ക് പിറന്നാള്‍ സര്‍പ്രൈസുമായി കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയ ആരാധകര്‍ പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ മിക്കവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മലയാളത്തിന്‍റെ മെഗാസ്റ്റാറിന് ആശംസകള്‍ നേര്‍ന്നു. 

 

ഇപ്പോഴത്തേതുപോലെ എക്കാലവും മമ്മൂക്ക ഒരു പ്രചോദനമായി തുടരട്ടെ എന്നായിരുന്നു പൃഥ്വിരാജിന്‍റെ ആശംസ. ഒരുമിച്ച് ഇനിയും സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹവും പൃഥ്വി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ലളിതമായ വാചകത്തില്‍ പറഞ്ഞ പിറന്നാള്‍ ആശംസകള്‍ക്കൊപ്പം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

 

തന്‍റെയും മമ്മൂട്ടിയുടെയും 'നിത്യഹരിത' ലുക്ക് അടിസ്ഥാനമാക്കിയുള്ള കൗതുകകരമായ ഒരു ട്രോള്‍ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍റെ ആശംസ. ഗുരുവിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ജയസൂര്യയുടെ വാചകം. മമ്മൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്ന തെലുങ്ക് ചിത്രം യാത്രയുടെ അണിയറക്കാര്‍ പിറന്നാള്‍ സ്പെഷ്യല്‍ പോസ്റ്റര്‍ ഇറക്കിയാണ് നായകതാരത്തിന് ആശംസകള്‍ നേര്‍ന്നത്.