ചെന്നൈ: 'അറാ'മിലെ കളക്ടര്‍ മധിവധനിയോടെ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ താന്‍ തന്നെ എന്ന് തെളിയിച്ച നയന്‍താരയുടെ സിനിമാ ജീവിതം 14 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. താരത്തിന്റെ ഇതുവരെയുള്ള സിനിമാ യാത്രയെ അഭിനന്ദിച്ചും തുടര്‍ന്നുള്ള യാത്രകള്‍ക്ക് ആശംസകള്‍ നേര്‍ന്നും എത്തിയിരിക്കുന്നത് മറ്റാരുമല്ല, നയന്‍സിന്റെ കാമുകന്‍, സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ തന്നെയാണ്. 

നയനിസത്തിന്റെ 14 വര്‍ഷങ്ങള്‍ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയാണ് വിഘ്‌നേഷിന്റെ ആശംസ. കൂടുതല്‍ കരുത്തും വിജയവും ആശംസിച്ച ട്വീറ്റില്‍ നയന്‍താരയോടൊപ്പമുള്ള ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഘ്‌നേഷ് ഉള്‍പ്പെടുത്തി. അത് മനോഹരമായ ഒരു ക്രിസ്മസ് ദിനമായിരുന്നുവെന്നും വിഘ്‌നേഷ് കുറിച്ചു. വിഘ്‌നേഷ് സംവിധാനം ചെയ്ത 'നാനും റൗഡിതാന്‍' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരുടെയും പ്രണയം ചര്‍ച്ചയാകുന്നത്. 

Scroll to load tweet…

14 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003 ലെ ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ 'മനസ്സിനക്കരെ'യായിരുന്നു നയന്‍താരയുടെ ആദ്യ ചിത്രം. പിന്നീട് 'വിസ്മയത്തുമ്പത്ത്', 'തസ്‌കരവീരന്‍', 'രാപ്പകല്‍' എന്നീ ചിത്രങ്ങളും മലയാളത്തില്‍ നയന്‍താരയുടേതായി പുറത്തിറങ്ങി. ശേഷം തമിഴ്, കന്നട, തെലുഗു ഭാഷകളിലേക്ക് ചേക്കേറിയ നയന്‍താര ഏറെ കാലങ്ങള്‍ക്ക് ശേഷം ബോഡിഗാഡിലൂടെയാണ് മലയാളത്തിലേക്ക് നയന്‍സ് തിരിച്ചു വന്നത്.

പിന്നീട് 'പുതിയ നിയമം', 'ബാസ്‌കര്‍ ദ റാസ്‌കല്‍' എന്നീ മമ്മൂട്ടി ചിത്രത്തിലും നയന്‍താര അഭിനയിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കാനിരിക്കുകയാണ്.