നരകാസുരനെ ചൊല്ലി വിവാദം മാപ്പ് പറഞ്ഞ് ഗൗതം മേനോൻ കാര്‍ത്തിക് നരേന് മറുപടി ആരേയും വഞ്ചിച്ചിട്ടില്ലെന്നും മറുപടി
യുവസംവിധായകൻ കാർത്തിക് നരേനോട് മാപ്പ് ചോദിച്ച് നിർമ്മാതാവ് ഗൗതം മേനോൻ. നരകാസുരൻ സിനിമ പെട്ടിയിലാകില്ലെന്നും, ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഗൗതം അറിയിച്ചു. ഇരുവരും തമ്മിലുള്ള ട്വിറ്റർ പോര് സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു.
'ചില സമയങ്ങളിൽ അസ്ഥാനത്തെ വിശ്വാസം നിങ്ങളെ കൊല്ലും.. ഒരു കാര്യത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഒന്നിലേറെ തവണ ചിന്തിക്കണം.. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ആഗ്രഹങ്ങൾ കശാപ്പ് ചെയ്യപ്പെടും...' കാർത്തിക് നരേന്റെ ഈ ട്വീറ്റിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
ധ്രുവങ്ങൾ 16 സിനിമയുടെ വൻ വിജയത്തിന് ശേഷം കാർത്തിക് ഒരുക്കുന്ന നരകാസുരനെചൊല്ലി ആയിരുന്നു പരസ്യമായ വിഴുപ്പലക്കൽ. വിശ്വാസവഞ്ചന കാട്ടിയെന്ന കാർത്തികിന്റെ ട്വീറ്റ് നിർമ്മാതാവ് ഗൗതം മേനോനെ ഉദ്ദേശിച്ചുള്ളതാണെന്ന അഭ്യൂഹങ്ങൾ ശക്തമായി. അത് സ്ഥിരീകരിക്കുന്നതായിരുന്നു പിന്നാലെ വന്ന ഗൗതമിന്റെ പ്രതികരണം. ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുന്നതിന് പകരം ചില യുവസംവിധായകർ അവരുടെ ആഗ്രഹങ്ങൾ കശാപ്പ് ചെയ്യുകയാണെന്ന് മറുപടി.
അശ്ലീല ചുവയോടെ ഉള്ള ഗൗതമിന്റെ വാക്കുകൾ കാർത്തികിനെ പ്രകോപിതനാക്കി. എതിർപ്പുകളും മുന്നറിയിപ്പുകളും അവഗണിച്ചാണ് ഗൗതമിനെ തന്റെ സിനിമയുമായി സഹകരിപ്പിക്കാൻ തയ്യാറായതെന്നും, വിശ്വസിച്ചുപോയെന്നും വീണ്ടും കാർത്തികിന്റെ ട്വീറ്റ്. നരഗാസുരൻ സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ച് ഗൗതമിന്റെ നിർമ്മാണ കമ്പനിയായ ഒൻട്രാഗ, മറ്റ് സിനിമകൾക്ക് വേണ്ടി ഫണ്ട് കണ്ടെത്തിയെന്നും, ഒരാൾക്കും ഇനി ഈ ഗതി വരരുത് എന്നും സംവിധായകൻ ആരോപിച്ചു.
നരഗാസുരനിൽ അഭിനയിച്ചതിന് മുഴുവൻ പ്രതിഫലവും കിട്ടിയില്ലെന്ന് നടൻ അരവിന്ദ് സ്വാമി കൂടി തുറന്നടിച്ചതോടെ രംഗം ചൂടുപിടിച്ചു. ദേശീയമാധ്യമങ്ങളിൽ ഈ ട്വിറ്റർ യുദ്ധം വലിയവാർത്തയായതോടെ ആണ് വിവാദം തണുപ്പിക്കാൻ ഗൗതം മേനോൻ വീണ്ടും എത്തിയത്.
സിനിമ പുറത്തിറങ്ങാനിരിക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു, കാർത്തികിനോട് മാപ്പ് ചോദിക്കുന്നു. 'ആരോപണങ്ങളെല്ലാം തെറ്റിദ്ധാരണയുടെ പുറത്താണ്. ഞാൻ പുറത്തുപോകാൻ ആണ് കാർത്തിക് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെചെയ്യാം. അരവിന്ദ് സാമിയുടെ പ്രതിഫലം അടക്കം എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കും. റിലീസ് വൈകില്ല' ഗൗതം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.. തർക്കങ്ങൾക്ക് കാരണം ചില നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് പറഞ്ഞുകൊണ്ട് വിവാദം അവസാനിപ്പിക്കാൻ ഗൗതം ശ്രമിക്കുമ്പോൾ, കാർത്തികിന്റെ പ്രതികരണം ആണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.
