ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് തമിഴ് നടി ഗൗതമി. ബ്ലോഗിലൂടെയാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കത്തിന്റെ മാതൃകയിലാണ് ബ്ലോഗ് തയ്യറാക്കിയിരിക്കുന്നത്. 

ജയലളിതയുടെ രോഗവും ആശുപത്രിവാസവും രോഗശാന്തിയും തുടര്‍ന്നുണ്ടായ മരണവും സംശയത്തിലേക്ക് വഴിവയ്ക്കുന്നതായാണ് ഗൗതമിയുടെ അഭിപ്രായം. എല്ലാത്തിലും രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചതിനാലാണ് ഇത്തരത്തില്‍ സംശയവുമായി താരം എത്തിയത്. 

എന്തുകൊണ്ടാണ് ആശുപത്രിയില്‍ ആരേയും അമ്മയെ കാണിക്കാന്‍ ആരും തയ്യാറാകാത്തത്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഗൗതമി ചോദിക്കുന്നു. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനുകള്‍ മാത്രമായിരുന്നു വിവരങ്ങള്‍ അറിയുന്നതിനുള്ള ഏകമാര്‍ഗ്ഗം. 

ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാക്കളെക്കുറിച്ച് അറിയുന്നതിനായി എല്ലാവര്‍ക്കും അധികാരമുണ്ട്. പ്രധാനമന്ത്രി ഇതില്‍ നടപടിയെടുക്കുമെന്ന് കരുതുമെന്നും ഗൗതമി പറഞ്ഞു.