മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം. ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച സംഗീതസംവിധായകൻ ഗോപീസുന്ദറിനെതിരെയാണ് ഇപ്പോൾ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്.

അന്തരിച്ച സംവിധായകൻ ദീപന്‍റെ അവസാനചിത്രമാണ് സത്യ. ജയറാം സാൾട്ട് അൻഡ് പെപ്പർ ലുക്കിലെത്തുന്ന ചിത്രം ഏറെ പ്രതിക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ ഗോപീ സുന്ദറൊരുക്കിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പക്ഷെ ഗാനം ഹിറ്റായപ്പോൾ പുറകെയെത്തി കോപ്പിയടി ആരോപണം.ചിത്രത്തിലെ ‌ഞാൻ നിന്നെ തേടിവരും എന്ന ഗാനമാണ് സംഗീതസംവിധായകൻ ഗോപീ സുന്ദ‌ർ കോപ്പിയടിച്ചതാണെന്ന ആരോപണം ഉയ‍ർന്നത്. തമിഴിൽ വിക്രം നായകനായെത്തിയ ഇരുമുഖൻ എന്ന ചിത്രത്തിലെ ഹെലേന എന്ന ഗാനത്തിന്‍റെ കോപ്പിയാണ് സത്യയിലെ പാട്ടെന്നതാണ് ഉയരുന്ന ആരോപണം.

പക്ഷെ ഇരുമുഖനിലെ ഈ ഗാനം തന്നെ കോപ്പിയടിയായിരുന്നെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു. ഹാരിസ് ജയരാജ് ഈണമിട്ട ഹെലേന എന്ന ഗാനം അമേരിക്കന്‍ റാപ്പര്‍ ഫെറ്റി വാപ്പിന്റെ ആല്‍ബമായ ട്രാപ് ക്യൂനിന്റെ ഈച്ചക്കോപ്പിയാണെന്നതാണ് അന്നുയർന്ന ആരോപണം.

ട്രാപ് ക്യൂനിന്റെ കോപ്പിയുടെ കോപ്പിയാണ് സത്യയിലെ ഞാൻ നിന്നെ തേടിവരും എന്ന ഗാനമായി മാറിയതെന്നതാണ് ചുരുക്കത്തിൽ ആരോപണം.എന്നാൽ ട്രോളൻമാർ കോപ്പിയടി ചുണ്ടിക്കാട്ടി ട്രോളാൻ തുടങ്ങിയതോടെ ആരാധകരുടെ പിന്തുണ ഫേസ്ബുക്കിൽ ഷെയർ ചെയ്ത് പ്രതിരോധിക്കുകയാണ് ഗോപീസുന്ദർ.