മോഹൻലാലിനെ എതിർത്തും അനുകൂലിച്ചും വിവാദം മുറുകുമ്പോൾ ആണ് തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്

തിരുവനന്തപുരം: വിമർശനങ്ങളെ തള്ളി ചലച്ചിത്ര അവാർഡ് ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ‌ ഒരുങ്ങുന്നു. ഇൗ വർഷത്തെ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായ മോഹൻലാലിനെ ക്ഷണിക്കുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. നാളെ തന്നെ മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മോഹൻലാലിനെ ചലച്ചിത്ര പുരസ്കാര ദാനചടങ്ങിലേക്ക് ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ ശക്തമായ വിയോജിപ്പാണ് അതിനെതിരെ ഉയർന്നു വന്നത്. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ബീനാപോൾ അടക്കമുള്ള ജനറൽ കൗൺസിൽ അംഗങ്ങളും ജൂറി അംഗം ഡോക്ടർ ബിജുവും മോഹൻലാലിനെ വിമർശിച്ച് മുഖ്യന്ത്രിക്ക് കത്ത് നൽകി. ഇതിനെ പിന്നാലെ മോഹൻലാലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നും ഇതിനു പിന്നിലെ ​​ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമ്മയും ഫെഫ്കയും അടക്കമുള്ള ചലച്ചിത്രതാരങ്ങളും മുഖ്യമന്ത്രിക്ക് കത്ത് നൽകി. 

ഇങ്ങനെ മോഹൻലാലിനെ എതിർത്തും അനുകൂലിച്ചും വിവാദം മുറുകുമ്പോൾ ആണ് തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. 2015 ൽ മോഹൻലാലും 2011 ൽ തമിഴ് നടൻ സൂര്യയും ചലച്ചിത്ര പുരസ്കാരദാനചടങ്ങിന് മുഖ്യാതിഥിയായി വന്ന ചരിത്രമുണ്ടെന്ന് മന്ത്രി എ.കെ.ബാലൻ പറയുന്നു. അതേസമയം അതിഥിയായി സൂപ്പർതാരം വന്നാൽ അവാർഡ് ജേതാക്കളുടെ തിളക്കം കുറയുമെന്ന വിമർശകരുടെ വാദം മികച്ച നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസ് തള്ളിയതും സർക്കാരിന് തുണയായി.മോഹൻലാലിനെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് കാണിച്ച് അമ്മയും ഫെഫ്കയും അടക്കം ആറ് ചലച്ചിത്ര സംഘടനകൾ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മോഹൻലാലിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ തങ്ങള്‌‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി നടൻ പ്രകാശ് രാജും ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും രം​ഗത്തു വന്നു. 

പ്രതിഷേധം മോഹൻലാൽ എന്ന വ്യക്തിക്കെതിരല്ലെന്നും മുഖ്യാതിഥിയായി ആരും വേണ്ട എന്നുള്ളതാണ് നിലപാടെന്നും ജൂറി അംഗം ഡോക്ടർ ബിജുവും അവാർഡ് ജേതാവ് ദീപേഷും അറിയിച്ചു. ഓഗസ്റ്റ് എട്ടിന് നടങ്ങുന്ന ചടങ്ങിന് ആരൊക്കെ വരും ആരൊക്കെ പരിപാടി ബഹിഷ്ക്കരിക്കും എന്നുള്ളതാണ് ഇനി അറിയേണ്ടത്.