തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കൻ പ്രത്യേക സമിതി.. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ മൂന്നംഗ സമിതി പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് പഠിച്ച് സര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിക്കും. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ കളക്ടീവ് ഇൻ സിനിമ എന്ന സംഘടനയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാള സിനിമയിൽ സ്ത്രീകൾക്കായി പ്രത്യേക സംഘടന രൂപീകരിച്ചത് കഴിഞ്ഞ മാസമാണ്. മഞ്ജുവാര്യരും ബീനാപോളും പാര്‍വ്വതിയും വിധു വിൻസന്റും അടക്കമുള്ളവര്‍ നേതൃത്വം നൽകുന്ന സംഘടനയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയേയും കണ്ടിരുന്നു. കുറഞ്ഞ വേതനവും തൊഴിൽ വിവേചനവും മുതൽ ലൈംഗികാതിക്രമം വരെയുള്ള പ്രശ്നങ്ങൾ സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കാറുണ്ടെന്നും ഇതെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി തന്നെ വേണമെന്നുമായിരുന്നു സംഘടനയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. 

ഇതിനാണിപ്പോൾ സര്‍ക്കാര്‍ പരിഹാരം കണ്ടത്. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായിരിക്കും. കുടുംബശ്രീ മിഷൻ മുൻ ഡയറക്ടര്‍ കെ ബി വത്സലകുമാരി, നടി ശാരദ തുടങ്ങിയവരാണ് അംഗങ്ങൾ. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അടക്കം ചലചിത്ര മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നേരിൽ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കാൻ ആവശ്യമെങ്കിൽ പൊലീസ് സേവനം അടക്കമുള്ള സഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്