മറ്റുള്ളവർക്ക് യാതൊരുവിധ ഉപദ്രവവുമില്ലാത്ത വളരെ ചെറിയ കാര്യങ്ങൾ പോലും ചില ആളുകൾക്ക് വലിയ പ്രശ്നമായി തോന്നാറുണ്ടെന്ന് റിനി
കൊച്ചി: നടൻ സലിം കുമാറിന്റെ മൃതദേഹം പറവൂർ ടൌൺ ഹാളിൽ പൊതുദർശനത്തിന് വച്ച സമയത്ത് അവിടെയുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്ജ്. സലിം കുമാറിനെ അവസാനമായി കാണാനെത്തിയ റിനി ടൌൺ ഹാളിലുണ്ടായിരുന്ന പലരെയും നോക്കി പുഞ്ചിരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് നടി നേരിടേണ്ടി വന്നത്. മരണവീട്ടിൽ വന്ന് ചിരിച്ചതിനെച്ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമാണ് നടിക്കെതിരെ ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വിമർശകർക്ക് പരോക്ഷമായ മറുപടി ഫേസ്ബുക്ക് കുറിപ്പിലൂടെ റിനി നൽകിയത്. മറ്റുള്ളവർക്ക് യാതൊരുവിധ ഉപദ്രവവുമില്ലാത്ത വളരെ ചെറിയ കാര്യങ്ങൾ പോലും ചില ആളുകൾക്ക് വലിയ പ്രശ്നമായി തോന്നാറുണ്ടെന്ന് റിനി തുറന്നടിക്കുന്നു. ആരെങ്കിലും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താലും അത് മറച്ചുവെച്ച് സമൂഹത്തിന് മുന്നിൽ നന്നായി അഭിനയിച്ചു കാണിച്ചാൽ അവർക്ക് എല്ലാം സമ്മതമാണെന്നും, എന്നാൽ ചില നിസ്സാര കാര്യങ്ങളെ അവർ വലിയ മഹാപരാധമായി ചിത്രീകരിക്കുമെന്നും റിനി കുറിപ്പിൽ വിശദമാക്കുന്നത്.
റിനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്...മഹാ അപരാധം ആണ്... ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ... കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം...നാടകമേ ഉലകം.
നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെത്തിയതും വിവാദമായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയത് വിവാദമായത്.


