ജയന്തിലാല്‍ ഗാഡയുടെ പുതിയ ചിത്രത്തിലാണ് വര്‍ധന് നായകവേഷം. ചിത്രം മുത്തച്ഛന് വേണ്ടി സമര്‍പ്പിക്കുന്നുവെന്ന് വര്‍ധന്‍

ദില്ലി: ബോളിവുഡിന്റെ സ്വന്തം വില്ലന്‍ അമരീഷ് പുരിയുടെ ചെറുമകന്‍ വര്‍ധന്‍ സിനിമയിലേക്ക്. ജയന്തിലാല്‍ ഗാഡയുടെ റൊമാന്റിക് ത്രില്ലറില്‍ നായകവേഷത്തിലാണ് വര്‍ധന്റെ അരങ്ങേറ്റം. 

വര്‍ഷങ്ങളായി പല വേഷങ്ങളില്‍ സിനിമാ മേഖലയില്‍ തന്നെയാണ് വര്‍ധന്‍. 'ഇഷക്‌സാദേ', 'ദാവത്ത്-ഇ-ഇശ്ഖ്', 'ശുദ്ധ ദേസി റൊമാന്‍സ്' തുടങ്ങിയ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. മുമ്പ് ജയന്തിലാലിന്റെ തന്നെ ഒരു ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആ ചിത്രം പിന്നീട് മുടങ്ങുകയായിരുന്നു. തുടര്‍ന്ന് തന്റെ അടുത്ത ചിത്രത്തിലേക്കും ജയന്തിലാല്‍ വര്‍ധനെ തന്നെ ക്ഷണിക്കുകയായിരുന്നു. 

View post on Instagram

ഏറെ പ്രതീക്ഷകളോടെയാണ് ആദ്യ നായകവേഷത്തിലേക്ക് കടക്കുന്നതെന്നും ഒരുപാട് അഭിനയ സാധ്യതകളുള്ള ചിത്രമാണിതെന്നും വര്‍ധന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുത്തച്ഛന് വേണ്ടിയാണ് ചിത്രം സമര്‍പ്പിക്കുന്നതെന്നും വര്‍ധന്‍ പറഞ്ഞു. 

View post on Instagram

'ഞാനെന്നും പ്രാര്‍ത്ഥിക്കാറുള്ള ദൈവമാണ് എനിക്ക് മുത്തച്ഛന്‍. മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കൂടെയായിരുന്നു ചെറുപ്പത്തില്‍ ഞാന്‍ കിടന്നുറങ്ങിയിരുന്നത്. അത്രയും അടുപ്പമായിരുന്നു, അവരോട്. മുത്തച്ഛന്റെ മരണം വലിയ തോതിലുള്ള തകര്‍ച്ചയാണ് സമ്മാനിച്ചത്. എങ്കിലും അദ്ദേഹത്തിന് വേണ്ടി, അദ്ദേഹത്തിന്റെ പാത തന്നെ പിന്തുടരാന്‍ തീരുമാനിക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു'- വര്‍ധന്‍ പറഞ്ഞു.