പ്രതിമ സ്ഥാപിച്ചിരിക്കുന്നത് ഓസ്കാര്‍ വേദിയ്ക്ക് സമീപം

സിനിമാ ലോകത്തെ സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ക്യാംപയിന് തുടക്കം കുറിച്ചതിന് ശേഷമുള്ള ആദ്യത്തെ ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങാണ് നാളെ നടക്കാനിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഓസ്‌കാര്‍ വേദി പ്രതിഷേധങ്ങള്‍കൊണ്ടും നിലപാടുകള്‍കൊണ്ടും വ്യത്യസ്തമാകുന്നത് എങ്ങനെയെന്ന് ഉറ്റു നോക്കുകയാണ് ലോകം. ഇതിനിടയിലാണ് വേദിയ്ക്ക് സമീപം കാസ്റ്റിംഗ് കൗച്ചിനെതിരെ ഹാര്‍വ്വി വെയ്ന്‍സ്‌റ്റൈന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 

നിര്‍മ്മാതാവായ വെയ്ന്‍സ്റ്റീന്‍ നടിമാരെ ലൈംഗികായി ആക്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഹോളിവുഡില്‍ ഉയര്‍ന്നത്. തങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ തുറന്ന് പറയാന്‍ അവര്‍ മീ റ്റൂ ക്യാംപയിനും ആരംഭിച്ചിരുന്നു. 

ഓസ്‌കാര്‍ വേദിക്കരികിലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിന് സമീപമാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരം പിടിച്ച് ഇരിക്കുന്ന വെയ്ന്‍സ്റ്റൈന്റെ സ്വര്‍ണ്ണ നിറത്തിലുള്ള പ്രതിമായാണ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ജീസസ് എന്ന പേരിലറിയപ്പെടുന്ന ബ്രിട്ടീഷ് ശില്‍പിയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതിന് മുന്‍പ് 2016ല്‍ ട്രംപിന്റെ നഗ്ന പ്രതിമകള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ സ്ഥാപിച്ചത് പ്ലാസ്റ്റിക് ജീസസ് ആയിരുന്നു.