'സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം'

ആഗ്ര: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ പരസ്യമായി തല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു ഹി ആഗ് നേതവ്. ഹിന്ദു ഹി ആഗിന്‍റെ ആഗ്ര യൂണിറ്റ് മേധാവിയായ ഗോവിന്ദ് പരശറാണ് സല്‍മാനെ തല്ലുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിസ്വഹിന്ദു പരിശത്ത് മുന്‍ പ്രസിഡന്‍റ് പ്രവീണ് തൊഗാഡിയ സ്ഥാപിച്ച സംഘടനയാണ് ഹിന്ദു ഹി ആഗ്.

സല്‍മാന്‍ ഖാന്‍ ഫിലിംസ് നിര്‍മിച്ച് അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ലവ് രാത്രി എന്ന ചിത്രമാണ് പരശറിനെ പ്രകോപിപ്പിച്ചത്. ചിത്രത്തില്‍ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് പരശര്‍ ആരോപിക്കുന്നു. നവരാത്രിക്ക് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ഹിന്ദുക്കളെ അപമാനിക്കാനാണെന്നാണ് പരശറിന്‍റെ വാദം. സല്‍മാന്‍ ഖാന്‍റെ സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമക്കെതിരെ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധവും അരങ്ങേറി. സല്‍മാന്‍ ഖാന്‍ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ കത്തിക്കുകയും താരത്തിനും ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിക്കെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ലവ് രാത്രി എന്ന ചിത്രം എല്ലാ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തും. ഇതിന് അനുവദിക്കരുത്.

ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുത്. എതിര്‍പ്പുകള്‍ അവഗണിച്ച് ചിത്രം പുറത്തിറങ്ങിയാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും ഗോവിന്ദ് പറഞ്ഞു. നേരത്തെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തിയ നേതാവാണ് പരിശര്‍.