ഭാര്യ രമ്യാ കൃഷ്ണനെ തൻ്റെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്ന് പ്രമുഖ സംവിധായകൻ കൃഷ്‍ണ വംശി. രമ്യാ കൃഷ്ണനെ താൻ ഒരു കലാകാരിയായിട്ടല്ല കാണുന്നത്. അവർ എൻ്റെ സ്വന്തമാണ്. അതുകൊണ്ട് തന്നെ അവരെ എൻ്റെ സിനിമയിൽ അഭിനയിപ്പിക്കില്ല. കൃഷ്‍ണ വംശിയുടെ ചന്ദ്രലേഖ എന്ന സിനിമയിൽ മാത്രമാണ് രമ്യാ കൃഷ്‍ണന്‍ അഭിനയിച്ചത്. അത് വിവാഹത്തിന് മുമ്പായിരുന്നു. ഇരുവരുടെയും മകൻ ഇപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്നു. ഒഴിവ് സമയങ്ങളിൽ മകനോടൊപ്പം ചിലവഴിക്കാനാണ് തനിക്ക് ഇഷ്ടം എന്നും കൃഷ്‍ണ വംശി കൂട്ടിച്ചേർത്തു.
ബാഹുബലിയിലെ രമ്യയുടെ മികച്ച പ്രകടനത്തിൻ്റെ ക്രെഡിറ്റ് സംവിധായകനും കഥ എഴുതിയ ആൾക്കും നൽകുന്നുവെന്ന് കൃഷ്‍ണ വംശി പറഞ്ഞു. രമ്യ മികച്ച കലാകാരിയാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. കുടുംബം താമസിക്കുന്നത് ചെന്നൈയിലാണ്. എന്നാൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് മിക്കപ്പോഴും താൻ ഹൈദരാബാദിൽ ആയതോടെ ഒട്ടേറെ അഭ്യൂഹങ്ങൾ പരന്നു. എന്നെയും രമ്യാ കൃഷ്‍ണയെയും സംബന്ധിച്ച് പലരും പലകാര്യങ്ങളും എഴുതി. ഞങ്ങൾ എല്ലാ അഭ്യൂഹങ്ങളെയും ചിരിച്ചുകൊണ്ടാണ് നേരിട്ടത്. വീട്ടിൽ ഞങ്ങൾ സിനിമ ചർച്ച ചെയ്യാറുണ്ട്. എൻ്റെ സിനിമകൾ അവർ കാണുകയും അവരുടെ സിനിമ ഞാൻ കാണുകയും ചെയ്യുമെന്നും കൃഷ്‍ണ വംശി പറഞ്ഞു.
