തൃശ്ശൂര്‍: സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെ ഇന്നസെന്‍റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്‍റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്‍റെ പരാമര്‍ശം.

സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്‍റിന്‍റെ മറുപടി.

തുടര്‍ന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചായിരുന്നു ഇന്നസെന്റ് നടിമാരെ അധിക്ഷേപിച്ചു സംസാരിച്ചത്.

‘ ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’ എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്.