എന്‍റെ മനസില്‍ എന്‍റെ സിനിമ 'സെക്സി' തന്നെയായിരിക്കും: എസ് ദുര്‍ഗയിലെ നായകന്‍ കണ്ണന്‍ നായര്‍

First Published 22, Mar 2018, 2:26 PM IST
Interview of s durga actor kannan nair
Highlights

എതിര്‍പ്പുകളും വിലക്കുകളും മാറി ചിത്രം പുറത്തിറങ്ങുമ്പോള്‍ സന്തോഷവും അതിലേറെ പ്രതീക്ഷകളുമുണ്ടെന്ന് ചിത്രത്തിലെ നായകന്‍ കണ്ണന്‍ നായര്‍. 

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കുമൊടുവില്‍, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'എസ് ദുര്‍ഗ' എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം പേര് മാറ്റിയ ചിത്രമാണ്  'എസ് ദുര്‍ഗ'. എതിര്‍പ്പുകളും വിലക്കുകളും മാറി ചിത്രം പുറത്തിറങ്ങുമ്പോള്‍ സന്തോഷവും അതിലേറെ പ്രതീക്ഷകളുമുണ്ടെന്ന് ചിത്രത്തിലെ നായകന്‍ കണ്ണന്‍ നായര്‍. എന്‍റെ മനസില്‍ എന്‍റെ സിനിമ 'സെക്സി ദുര്‍ഗ' എന്ന് തന്നെയായിരിക്കുമെന്നും കണ്ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെനിനോട് പറഞ്ഞു . കണ്ണന്‍ നായരുമായി അനൂജ നാസറുദ്ദീന്‍ നടത്തിയ അഭിമുഖം.

വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം നാളെ തിയറ്റുകളില്‍ എത്തുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷകള്‍? 

നാളെ 42 തിയറ്റുകളില്‍ ചിത്രം റിലീസ് ചെയ്യും. ഓവര്‍ ഹൈപ്പ് ഉണ്ടാകാതിരുന്നാല്‍ മതിയെന്നാണ് പ്രാര്‍ത്ഥന. കാരണം എനിക്ക് ഈ ചിത്രത്തില്‍ ഭയങ്കര പ്രതീക്ഷയുണ്ട്.  ഒന്നര വര്‍ഷത്തെ കാത്തിരിപ്പാണ് നാളെ അവസാനിക്കുന്നത്. 19 അന്താരാഷ്ട്ര അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. 51 ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.  നാട്ടിലെ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ സന്തോഷമുണ്ട്. അതിലേറെ ആകാംക്ഷയിലുമാണ്. ജനങ്ങള്‍ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ല. പക്ഷേ ഇത് ഇന്നുവരെ ആരും കണ്ടിട്ടാല്ലാത്ത ചിത്രമായിരിക്കും. സിനിമ കണ്‍സപ്റ്റിനെ തകിടം മറിക്കുന്ന ചിത്രമായിരിക്കും എസ് ദുര്‍ഗ. ജനങ്ങളെ ചിന്തിപ്പിക്കുന്ന ചിത്രമായിരിക്കും. 

നിരവധി അന്താരാഷ്‍ട്ര പുരസ്കാരങ്ങള്‍ നേടിയ ചിത്രത്തെ ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പരിഗണിക്കാത്തതിനെക്കുറിച്ച്?

ഇവിടെ 'എസ് ദുര്‍ഗ' എന്ന ചിത്രത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നു പക്ഷേ  സംസ്ഥാന അവാര്‍ഡ് ജൂറിയെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷവും സമാന്തര ചിത്രങ്ങളുടെ മുഖ്യ സംവിധായകര്‍ക്ക് ആര്‍ക്കും അവാര്‍ഡ് നല്‍കിയിട്ടില്ല. അവരുടെയൊക്കെ ചിത്രം ആദ്യ റൗഡില്‍ തന്നെ തഴയുകയാണ് ചെയ്തത്.  ജൂറിയിലുളളവരെക്കാളും മുകളില്‍ നില്‍ക്കുന്നു എന്ന് അവര്‍ക്ക് തോന്നിയിട്ടുളള  ഒരു സംവിധായകര്‍ക്കും അവാര്‍ഡ് കൊടുത്തിട്ടില്ല. കൂട്ടമായ വ്യക്തി വിദ്വേഷം എന്ന് മാത്രമേ പറയാന്‍ പറ്റൂ.  പിന്നെ  19 ഇന്‍റര്‍നാഷണല്‍ അവാര്‍ഡുകള്‍ ലഭിച്ച 'എസ് ദുര്‍ഗ' എന്ന ചിത്രം പരാമര്‍ശയോഗ്യം പോലും അല്ല എന്ന് പറയുമ്പോള്‍ അതില്‍ മറ്റെന്തോയുണ്ട്. 

ചിത്രത്തിന്‍റെ രാഷ്‍ട്രീയം ആയിരുന്നോ അവരുടെ പ്രശ്നം?

സിനിമയുടെ രാഷ്‍ട്രീയം ആകാന്‍ സാധ്യതയില്ല. ചിലപ്പോള്‍ സംവിധായകന്‍റെ രാഷ്‍ട്രീയം ആകാം അവരുടെ പ്രശ്നം. പല സാമൂഹിക പ്രശ്നങ്ങളിലും  സനല്‍കുമാര്‍ ശശിധരന്‍റെ വിമര്‍ശനങ്ങള്‍ ഇവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞിരുന്നില്ല. എന്തും വളരെ തുറന്ന് സംസാരിക്കുന്നയാളാണ് സനല്‍കുമാര്‍ ശശിധരന്‍. അത് എല്ലാവര്‍ക്കും ഇഷ്‍‌ടപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ജൂറിയുടെ ലിസ്റ്റ് കണ്ടപ്പോള്‍ തന്നെ അറിയാമായിരുന്നു ഇങ്ങനെതന്നെയാകുമെന്ന്. 

ശരിക്കും ഇത്തരത്തില്‍ ഈ ചിത്രം വിവാദങ്ങള്‍ക്ക് വഴിവെക്കാന്‍ കാരണം  'സെക്സി' എന്ന വാക്കായിരുന്നോ? 

ആദ്യ കാലങ്ങളില്‍ അത് മാത്രമായിരുന്നു. പിന്നീട് ഈ വിഷയം അവര്‍ക്ക് നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സെക്സി എന്ന വാക്ക് മാറ്റി 'എസ്' ആക്കിയിട്ടും അവര്‍ക്ക് ചിത്രത്തോടുളള വിയോജിപ്പ് മാറിയില്ല. 

ചിത്രത്തിന്‍റെ പേര് മാറ്റിയതില്‍ അതൃപ്തനാണോ? 

തീര്‍ച്ചയായും, അതൃപ്തനാണ്.  നമ്മുടെ കലാസൃഷ്ടിയെ നമ്മുടെ അനുവാദം ഇല്ലാതെ കീറിമുറിക്കുന്നതില്‍ അതൃപ്തി മാത്രമാണ്. അത്  ഒരിക്കലും അംഗീകരിക്കാനാകില്ല. എന്‍റെ മനസില്‍ എന്‍റെ സിനിമ 'സെക്സി ദുര്‍ഗ' എന്ന് തന്നെയായിരിക്കും. 

ഇത്തരത്തില്‍ കലയ്ക്കെതിരെ നടക്കുന്ന കൂട്ട ആക്രമണത്തെ കുറിച്ച് ? 

വളരെ ബാലിശമായ ചിന്തകളില്‍ നിന്ന് മാത്രമേ കലയ്ക്കെതിരെ ഇത്തരത്തില്‍ തിരിയാന്‍ പറ്റുകയുളളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ് കല. ഇന്നത്തെ കാലഘട്ടം ഇങ്ങനെയാണെന്ന് അംഗീകരിക്കാനുളള ബുദ്ധിമുട്ടാണ് ഇത്തരത്തില്‍ കലകള്‍ക്ക് നേരെയുളള കൂട്ട ആക്രമണത്തിന് കാരണം. 

എസ് ദുര്‍ഗ എന്ന ചിത്രത്തിന്‍റെ പ്രമേയം ?

ഒരു എഴുതപ്പെട്ട കഥയോ തിരക്കഥയോ അല്ല ഈ ചിത്രം. രാത്രി ഒറ്റയ്ക്കിറങ്ങിയ ഒരു സ്ത്രീയും പുരുഷനും നേരിട്ട സംഭവം ആണ് ചിത്രം പറയുന്നത്. ഇതൊരു കഥയല്ല.  ഈ ചിത്രം കണ്ട് അനുഭവിക്കേണ്ട ഒന്നാണ്. 

കഥാപാത്രത്തെ കുറിച്ച്? 

എന്‍റെ കഥാപാത്രത്തിന്‍റെ പേര് കബീര്‍ എന്നാണ്. രാത്രീ ഒറ്റപ്പെട്ട സ്ത്രീയൊടൊപ്പമുളള പുരുഷന്‍റെ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്‍റെ ഭൂതകാലമോ ഭാവിയോ ഒന്നും സിനിമയില്‍ പറയുന്നില്ല. 

കഥാപാത്രം ആകാനുളള തയ്യാറെടുപ്പുകള്‍? 

പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ ഒന്നും വേണ്ടി വന്നില്ല. പിന്നെ ആ ഒരു സാഹചര്യം സൃഷ്‍‌ടിക്കാനായി മാനസികമായി ഒന്ന് തളര്‍ത്താന്‍ സംവിധായകന്‍ ചില കാര്യങ്ങള്‍ ചെയ്തിരുന്നു. അതിന്‍റെ ഗുണം ചിത്രത്തില്‍ കാണാം. 

ഷൂട്ടിംഗ് എവിടെയായിരുന്നു? 

ഷൂട്ടിംഗ് തിരുവനന്തപുരത്ത് വെച്ചായിരുന്നു. കോവളം- ബൈപാസ് റോഡില്‍ വെച്ച് 12 രാത്രികളിലായാണ് ചിത്രം ഷൂട്ട് ചെയ്തത്. 

എങ്ങനെ ഈ സിനിമയിലെത്തി? 

ഞാനൊരു തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എന്‍റെ ഒരു നാടകം കണ്ടിട്ടാണ് സംവിധായകന്‍  ഇങ്ങനെയൊരു ചിത്രത്തിന് എന്നെ വിളിക്കുന്നത്. 

ആദ്യ സിനിമയാണോ? 

ഇതന്‍റെ ആദ്യ സിനിമയല്ല. ഞാന്‍ ഒരു 13-14 ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റിലായിരുന്നു ആദ്യം അഭിനയിച്ചത്. 

ഇപ്പോള്‍ സിനിമകള്‍ നേരിടുന്ന പ്രതിസന്ധി? 

ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യം. ചിന്തകള്‍ പോലും സെന്‍സര്‍ ചെയ്യപ്പെടുകയാണ് ഇപ്പോള്‍.  ഇത്തരം സിനിമകള്‍ എടുക്കാനുളള ചിന്തയെ പോലും കൊല്ലുകയാണ്. കലാകാരന്മാരുടെ ചിന്തയെ പോലും സ്വാധീനിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ സാഹചര്യം.  ഇത് തന്നെയാണ് ഇന്നത്തെ സിനിമയുടെ പ്രതിസന്ധിയും.


 

loader