ആദ്യമായല്ല മോഹൻലാൽ സിനിമയ്ക്കു വേണ്ടി പാടുന്നത്. സംഗീതപ്രേമികൾ എപ്പോഴും മൂളുന്ന പല വരികളും ആ ശബ്ദത്തിൽ നാം കേട്ടിട്ടുണ്ട്. എന്നാൽ മോഹന്‍ലാല്‍ പാടുന്നത് ഒരു സിനിമയുടെ പ്രമോഷണൽ വീഡിയോ ആവുന്നത് വേറിട്ട ഒരു കാഴ്ചയാണ്. പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം തന്നെ അഞ്ചുലക്ഷത്തോളം പേരാണ് യൂട്യൂബിൽ ഈ പാട്ട് കേട്ടത്. മോഹൻലാലിനെക്കൊണ്ടു പാട്ടുപാടിച്ചത് വിനു തോമസ് ആണ്. ആ  അനുഭവങ്ങൾ 'ഡ്രാമ' സിനിമയുടെ സംഗീതസംവിധായകൻ വിനു തോമസ് പങ്കുവയ്ക്കുന്നു.

നാടന്‍ പാട്ടുകളോട് സാമ്യമുള്ള ഈണം തെരഞ്ഞെടുത്തതിനു കാരണം?

എല്ലാവര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു ഈണം വേണം എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.  എപ്പോഴും എല്ലാവർക്കും പാടി നടക്കാവുന്ന ഒരു പാട്ട് എന്നതായിരുന്നു 'പണ്ടാരാണ്ട്...' എന്ന ഗാനത്തെക്കുറിച്ചുള്ള സംവിധായകൻ രഞ്ജിത്തിന്‍റെ നിർദ്ദേശം. നാട്ടിന്‍പുറത്തുനിന്ന് ലണ്ടനില്‍ എത്തുന്ന ആളുകളുടെ കഥയാണ്‌ ഡ്രാമ പറയുന്നത്. അതിനാല്‍ തന്നെ ലളിതമായ ഒരു പാട്ട് മതി എന്നായിരുന്നു തീരുമാനം. അതനുസരിച്ച് അധികം മെലഡിയാവാതെ, ഒരു നാടൻ പാട്ടിന്‍റെ ശൈലികൂടി മനസ്സിൽ കണ്ടാണ് ഈണമിട്ടത്. പിന്നെ മോഹന്‍ലാലിന്‍റെ ശബ്‍ദത്തിന് ചേരുന്ന, അദ്ദേഹത്തിനു പാടാന്‍ ആവുന്ന പാട്ട് ആയിരിക്കണം എന്നും ഉണ്ടായിരുന്നു.

മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണോ പാട്ട് ചെയ്തത്?

അതെ. ലാലേട്ടനെ പാടിക്കാന്‍ തീരുമാനിച്ച ശേഷമാണ് പാട്ട് തുടങ്ങിയത് തന്നെ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു പറ്റിയ ഈണം ചെയ്യുകയായിരുന്നു. പിന്നീട് ഹരിനാരായണനാണ് അതിനു ചേരുന്ന രീതിയില്‍ വരികള്‍ ചിട്ടപ്പെടുത്തിയത്. അഞ്ചു ദിവസമെടുത്തു 'പണ്ടാരാണ്ട്' പൂര്‍ത്തിയാക്കാന്‍.

മോഹന്‍ലാലിനെക്കൊണ്ട് പാട്ട് പാടിച്ച അനുഭവം എങ്ങിനെയായിരുന്നു?

മഹാരഥന്മാരായ നിരവധി സംഗീതസംവിധായകരുടെ ഒപ്പം പ്രവർത്തിക്കുകയും സൂപ്പർഹിറ്റായ നിരവധി പാട്ടുകൾക്ക് അഭിനയിക്കുകയും ചെയ്തിട്ടുള്ള ആളാണ് ലാലേട്ടൻ. അദ്ദേഹത്തെ കൊണ്ട് പാട്ടുപാടിക്കുക എന്നത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു. ചില പൊതുവേദികളില്‍ കണ്ടിട്ടുണ്ടെന്നല്ലാതെ മോഹന്‍ലാലിനെ എനിക്ക് നേരിട്ട് പരിചയമൊന്നും ഇല്ലായിരുന്നു. അതിനാല്‍ തന്നെ നല്ല പരിഭ്രമം ഉണ്ടായിരുന്നു. ലാലേട്ടനെ സംബന്ധിച്ചിടത്തോളം ചലച്ചിത്രരംഗത്ത് ഏറെ ജൂനിയറായ ഒരാളാണ് ഞാൻ. എന്നാൽ ആ വലുപ്പച്ചെറുപ്പങ്ങളൊന്നുമില്ലാതെയായിരുന്നു അദ്ദേഹത്തിന്‍റെ സഹകരണം. നല്ല പരിചയമുള്ള ഒരാളോടെന്നപോലെയാണ് ലാലേട്ടന്‍ ഇടപഴകിയത്‌.

റെക്കോര്‍ഡിങ്ങ് വേറിട്ടൊരു അനുഭവം  ആയിരുന്നെന്നു പറഞ്ഞല്ലോ. അതെന്തുകൊണ്ടാണ്?

വിസ്മയ സ്റ്റുഡിയോയിലായിരുന്നു പാട്ടിന്‍റെ റെക്കോഡിങ്. പാടാന്‍ വരുന്നതിനും മൂന്നു ദിവസം മുന്‍പ് തന്നെ അദ്ദേഹം പാട്ട് ചോദിച്ചു വാങ്ങിയിരുന്നു. റെക്കോഡിങ്ങിനായി ചെന്നപ്പോൾ ഒപ്പമുള്ള ഒരു സുഹൃത്തിനെപ്പോലെയായിരുന്നു ലാലേട്ടന്‍റെ പെരുമാറ്റം. കരോക്കെയോട് കൂടിയും അല്ലാതെയും അദ്ദേഹം പാടി റെക്കോര്‍ഡ്‌ ചെയ്തു വച്ചിരുന്ന മുപ്പതോളം പാട്ടുകള്‍ കേൾപ്പിച്ച് തന്നു. വളരെ എളുപ്പത്തിൽ അനായാസമായി 'പണ്ടാരാണ്ട്...' എന്ന പാട്ടിന്‍റെ റെക്കോഡിങ് പൂർത്തിയാക്കുകയും ചെയ്തു.

മോഹന്‍ലാല്‍ എന്ന ഗായകനെപറ്റി എന്താണ് പറയാനുള്ളത്?

വളരെ കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ്‌ അദ്ദേഹം. പാട്ട് തയ്യാറാകാന്‍ എത്ര ദിവസം വേണമെന്ന് എന്നോട് ചോദിച്ചിരുന്നു. മൂന്നു ദിവസം എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. കൃത്യം മൂന്നാം ദിവസം രാവിലെ എന്നെ വിളിച്ചു പാട്ട് റെഡി ആണോ എന്ന് ചോദിച്ചു.  നിരവധി തവണ കേട്ട് പാട്ട് നല്ലവണ്ണം ഹൃദ്യസ്ഥമാക്കിയിട്ടാണ് ആദ്ദേഹം സ്റ്റുഡിയോയില്‍ എത്തിയത്. അദ്ദേഹത്തിനു അയച്ചു കൊടുത്ത ശേഷം പാട്ടില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നാല്‍ യാതൊരു പരിഭവവും പറയാതെ എനിക്ക് തൃപ്തിയാകുന്നത് വരെ എത്ര തവണ വേണമെങ്കിലും പാടാന്‍ അദ്ദേഹം തയ്യാറായി. ഓരോ തവണയും പാടിയിട്ട് ശരിയായോ എന്ന് ചോദിക്കും. ശരിയായില്ലെന്ന് പറഞ്ഞാല്‍  യതൊരു മടിയും കൂടാതെ വീണ്ടും പാടും. ഒരു പ്രൊഫഷണല്‍ ഗായകന്‍ എടുക്കുന്ന സമയം മാത്രമാണ് റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കാന്‍ എടുത്തത്.

തിരുവല്ല സ്വദേശിയായ വിനു തോമസ് അഭിഭാഷകൻ കൂടിയാണ്. പരസ്യചിത്രങ്ങളാണ് വിനുവിന്‍റെ പ്രധാന മേഖല. 2011-ല്‍ ചലച്ചിത്ര സംഗീതസംവിധായകരംഗത്തെത്തിയ ഇദ്ദേഹം ഇതിനകം പത്തോളം സിനിമകളിലെ ഗാനങ്ങൾക്ക് സംഗീതം നൽകിക്കഴിഞ്ഞു. സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ദൃശ്യത്തിലെ 'മാരിവിൽ കുട നീർത്തും' എന്ന ഗാനവും വിനു തോമസിന്‍റെതായിരുന്നു. ഡോക്ടര്‍ ലവ് എന്ന സിനിമയിലെ 'നിന്നോടെനിക്കുള്ള പ്രണയം' എന്ന ഹിറ്റ്‌ ഗാനവും വിനുവിന്‍റേതാണ്.

ബി കെ ഹരിനാരായണനാണ് വരികൾ രചിച്ചത്. ഈ പ്രമോഷണൽ സോങ്ങും ടീസറുമല്ലാതെ പൂർണ്ണമായും ലണ്ടനിൽ ചിത്രീകരിച്ച സിനിമയുടെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ബന്ധുക്കൾക്കൊപ്പം താമസിക്കാൻ ലണ്ടനിലെത്തുന്ന ഒരു വൃദ്ധയുടെ മരണത്തെ കേന്ദ്രമാക്കിയാണ് സിനിമ എന്നതുമാത്രമാണ് പ്രമേയത്തെക്കുറിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ള വിവരം. എന്തായാലും മറ്റൊരു ലാൽ മാജിക്കിനുള്ള പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടിയിരിക്കുകയാണ് 'പണ്ടാരാണ്ട്...' എന്ന പ്രമോഷണൽ ഗാനം.