തിരുവനന്തപുരം: ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി പ്രവാസിയാവുകയാണ്. ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് രംഗത്താണ് ശ്രീലക്ഷ്മിയ്ക്ക് ജോലി ലഭിച്ചത്. ജീവിതം ഏറെ സങ്കീര്‍ണമാണെന്നും അതിന് സ്ഥിരതവേണമെങ്കില്‍ നല്ല ജോലി വേണമെന്നതുകൊണ്ടാണ് ഈ ഓഫര്‍ സ്വീകരിച്ചതെന്നും ശ്രീലക്ഷ്മി വെളിപ്പെടുത്തി.

ശ്രീലക്ഷ്മി പഠിച്ച സേക്രഡ് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് സ്പോണ്‍സറായ ശിഫാ ഗ്രൂപ്പ് എത്തിയതാണ് ഈ അവസരത്തിലെയ്ക്ക് ശ്രീലക്ഷ്മിയ്ക്ക് വഴിതുറന്നത്. നല്ല സാഹചര്യത്തില്‍ ജനിച്ചിട്ടും തനിക്ക് പ്രതികൂലമായ സാഹചര്യങ്ങളില്‍ ജോലി ചെയ്ത് പഠിക്കാന്‍ പണമുണ്ടാക്കേണ്ടി വന്നു. അപകടങ്ങള്‍ തന്നെ കരുത്തുള്ള വ്യക്തിയാക്കിയെന്നും ഏത് സാഹചര്യത്തെയും നേരിടാനുള്ള മനശ്ശക്തിയും ഉള്‍ക്കരുത്തും ലഭിച്ചുവെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി.

ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്‍റെ അപകടം നിമിത്തമായെന്ന് ശ്രീലക്ഷ്മി മനസ് തുറന്നു.താന്‍ ഏറ്റവും സ്നേഹിക്കുന്ന അച്ഛന്‍റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞ്. അല്‍ ജസീറയിലെ ജോലിക്കൊപ്പം കലയും നൃത്തവും കൂടെ കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് ശ്രീലക്ഷ്മി പ്രതീക്ഷ പ്രകടിപ്പിച്ചു.