Asianet News MalayalamAsianet News Malayalam

"പിന്നെയും പിന്നെയും ആ ചിരി മനസ്സില്‍ നിറയുന്നല്ലോ"; ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മയില്‍ മാധ്യമ പ്രവര്‍ത്തകന്‍

ചെറുപുഞ്ചിരിയോടെ വേദിയില്‍ എത്തി ജനങ്ങളെ സംഗീതത്തിന്റെ അത്യുന്നതിയിൽ എത്തിച്ച ബാലഭാസ്‌ക്കര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം നിലനില്‍ക്കും. ഒരു പകല്‍ മുഴുവനും ആ അതുല്യ പ്രതിഭക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ധീന്‍ പി കൂട്ടോത്തിന്റെ കുറിപ്പ് നോവായി മാറുന്നു 

journalist write up on demise of balabhaskar
Author
Thiruvananthapuram, First Published Oct 2, 2018, 12:25 PM IST


തിരുവനന്തപുരം:  ചെറുപുഞ്ചിരിയോടെ വേദിയില്‍ എത്തി ജനങ്ങളെ സംഗീതത്തിന്റെ അത്യുന്നതിയിൽ എത്തിച്ച ബാലഭാസ്‌ക്കര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം നിലനില്‍ക്കും. ഒരു പകല്‍ മുഴുവനും ആ അതുല്യ പ്രതിഭക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഷംസുദ്ധീന്‍ പി കൂട്ടോത്ത് ആ ഓര്‍മ്മയിലൂടെ കടന്ന് പോകുകയാണ് ഒരിക്കല്‍ കൂടി.

" ഹൃദയം തൊട്ട് ആസ്വദിക്കുന്ന ഓഡിയൻസും നല്ല ആമ്പിയൻസും ആണെങ്കിൽ വേദിയിൽ വല്ലാത്ത ഒരവസ്ഥയിൽ എത്താറുണ്ട്. പൂർണ്ണമായും സംഗീതത്തിൽ മുഴുകുന്ന അവസ്ഥ. ആ സമയത്ത് അറിയാതെ വരുന്നതാണ് എന്റെ ചിരിയും വേദിയിലെ തുള്ളലുമൊക്കെ..." അയാൾ പറഞ്ഞു കൊണ്ടേയിരുന്നു. " ഒരു പാട് സ്വപ്നങ്ങൾ കാണാറുണ്ട്. ഇടയ്ക്ക് സ്വപ്നം കാണാൻ പേടിയുണ്ടായിരുന്ന സമയവുമുണ്ട്, ഇപ്പോൾ അതൊക്കെ മാറി വീണ്ടും സ്വപ്നം കാണാൻ തുടങ്ങി. യൂറോപ്പിലൊക്കെ നടക്കുന്ന യാനിയുടെയൊക്കെ ഷോ പോലെ സ്റ്റേഡിയത്തിലെ വലിയ ജനക്കൂട്ടത്തിന് മുന്നിൽ പ്രോഗ്രാം ചെയ്യണം".

ചിരി മാഞ്ഞ് ഗൗരവത്തിൽ തുടർന്നു '' ഞാൻ ദൈവ വിശ്വാസിയാണ്, മതത്തിൽ വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം ഓരോരുത്തരുടേതുമാണ്... ദൈവം ഉണ്ടെന്നു പറയുമ്പോൾ തന്നെ ആരെയാണ് ദൈവം ഭയക്കുന്നത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ലക്ഷക്കണക്കിന് വർഷമായിട്ടും ആരുടെ മുന്നിലും ദൈവം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്റെ ഫിലോസഫിയിലൂടെ ജീവിക്കാനാണ് ഇഷ്ടം. മറ്റുള്ളവരുടെ ഫിലോസഫിയിലും കാഴ്ചപ്പാടിലും പെട്ടു പോകുമ്പോൾ, നമ്മൾ അവർക്കു വേണ്ടി ജീവിക്കേണ്ടി വരും".

ഞങ്ങൾ സംസാരം തുടങ്ങിയത് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഒരു ഹോട്ടലിലാണ്, ഒന്നു കറങ്ങിയാലോ എന്ന ചിന്തയിൽ ഊടുവഴികളിലൂടെയും രാജപാതയിലൂടെയും ഏറെ നേരം കാറോടിച്ചു, ഇടക്ക് വഴിയിൽ നിർത്തി അൽപ നേരം മൗനിയായി, എന്തോ ഓർത്ത് പതിയെ തുടർന്നു " കടുത്ത വിഷാദത്തിൽ നിന്നും പുറത്തു കടന്ന എന്നിൽ വീണ്ടും സംഗീതം നിറഞ്ഞ് തുടങ്ങി, ഞാൻ കൂടുതൽ സ്ട്രോങ് ആയി. അനുഭവങ്ങൾ ഏറെയുണ്ടാകുമ്പോൾ മറ്റാരും കാണാത്ത നിറങ്ങൾ നമ്മുടെ ഉള്ളിലേക്ക് വരും. ആരും കാണാത്ത ആങ്കിളിൽ കാര്യങ്ങളെ കാണാൻ കഴിയും. എന്തും എക്സ്ട്രീം ലെവലിൽ അനുഭവിക്കുമ്പോൾ നമുക്ക് കിട്ടുന്ന അറിവുകളും തിരിച്ചറിവുകളുമുണ്ട്, അതിനു ശേഷം ചെയ്യുന്ന നമ്മുടെ സൃഷ്ടിയിലും ചിന്തയിലുമെല്ലാം വ്യത്യാസമുണ്ടാകും. പക്ഷേ, ഉള്ളിലുള്ള മുറിപ്പാടുകൾ ഉണങ്ങില്ല.... "

സക്കീർ ഹുസൈൻ, ലൂയിസ് ബാങ്ക് സ്, മട്ടന്നൂർ.. തുടങ്ങിയവരോടൊപ്പമെല്ലാം വേദി പങ്കിട്ടപ്പോഴും ആ വയലിൻ ഞരമ്പുകളിലൂടെ നിങ്ങൾ കാണാൻ ശ്രമിച്ചത് മനുഷ്യഹൃദയങ്ങളിലേക്കുള്ള വഴികളായിരുന്നു.. സംഗീതത്താൽ ഉന്മത്തരായ മനുഷ്യരെയായിരുന്നു. ഷംസുദ്ധീന്‍ ഒാർത്തെടുക്കുന്നു.

ബാലഭാസ്കർ, ഈ രാത്രി നിങ്ങൾ ഭൂമി വിട്ട് യാത്രയായിരിക്കുന്നു. ആരെയും കൂടെക്കൂട്ടുന്ന ആ ചിരിയും നിങ്ങളുടെ പ്രിയപ്പെട്ട വയലിനും ഇവിടെ മറന്ന്.. ഒപ്പം കൊണ്ടുപോയത് അധികം പങ്കുവെക്കപ്പെടാതെ പോയ നിങ്ങളുടെ ചിന്തകളാണെന്ന് തോന്നുന്നു.. ഫേസ്ബുക്ക് പേജിലും യൂട്യൂബിലും നിങ്ങളെ കണ്ടും കേട്ടും നേരം പുലരാറാകുന്നു.. ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം... ഞങ്ങളുടെ കാഴ്ചയുടെ, അകലങ്ങൾക്കുമപ്പുറം നിങ്ങൾ ഒരു വലിയ ഷോ ചെയ്യാൻ പോയതാണെന്ന് വിശ്വസിക്കാൻ തന്നെയാണ് ഞങ്ങൾക്കിഷ്ടം....ഷംസുദ്ധീന്‍  തന്റെ ഫേസ്ബുക്ക്  പോസ്റ്റിലൂടെ ബാലഭാസ്ക്കറിന്റെ ഒാർമ്മകൾ പങ്കുവെച്ചു.

Follow Us:
Download App:
  • android
  • ios