താനെ: മുംബൈയില്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത പരിപാടിയുടെ സംഘാടകര്‍ക്ക് കോടിക്കണക്കിന് രൂപ പിഴ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സ്‌പോണ്‍സര്‍മാരെയും പങ്കാളികളെയും സംബന്ധിച്ച് പൂര്‍ണ്ണ വിവരം നല്‍കാത്തതിന് താനെ കളക്ടറേറ്റിലെ വിനോദ വകുപ്പ് സംഘാടകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 

ഇക്കാര്യത്തില്‍ 2.77 കോടി പിഴ ഒടുക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് സംഘാടകരായ വൈറ്റ് ഫോക്‌സ് എം.ഡി അര്‍ജുന്‍ ജെയിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. അനുവദിച്ചതിലും കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. പരിപാടിക്ക് അനുമതി തേടിയുളള സത്യവാങ്മൂലത്തില്‍ മറ്റേതെങ്കിലും പങ്കാളിയെയോ സ്‌പോണ്‍സര്‍മാരെയോ നടത്തിപ്പുകാര്‍ പരാമര്‍ശിച്ചിരുന്നില്ല. ഇക്കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരുമെന്ന് നോട്ടീസില്‍ പറുന്നു. 

ബീബറുടെ സംഗീത പരിപാടിയില്‍ ടിക്കറ്റില്ലാതെ 7000 ത്തോളം പേര്‍ പരിപാടിക്കെത്തിയതായും ഇതിലെ കണക്കുകള്‍ സംഘാടകര്‍ ബോധിപ്പിക്കേണ്ടതുണ്ടെന്നും അധികൃര്‍ അറിയിച്ചു. ഏഴുദിവസമാണ് നോട്ടീസിന് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്.