രജനീകാന്തിന്‍റെ ബ്രഹ്മാണ്ഡചിത്രം കബാലിയെ തമിഴ്നാട്ടിലെ പ്രേക്ഷകർ ആഘോഷമായാണ് വരവേറ്റത്. പടക്കം പൊട്ടിച്ചും ആടിയും പാടിയും പാലഭിഷേകം നടത്തിയും അർദ്ധരാത്രി മുതലേ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. പുലർച്ചെ നാലരയ്ക്ക് തുടങ്ങിയ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ചെന്നൈ കെ കെ നഗറിലെ കാശി തിയറ്ററിൽ ആരാധകർക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരം ജയറാമും മകൻ കാളിദാസനുമെത്തി.

തിരുമ്പി വന്തിട്ടേൻന്ന് സൊല്ല്, എന്നാണ് കബാലീശ്വരന്‍റെ പഞ്ച് ഡയലോഗ്. അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ തലൈവർക്ക് തമിഴരായ കലൈരസികർ നൽകിയ വരവേൽപ്പ്, നെരുപ്പ് തന്നെയായിരുന്നു.

അർദ്ധരാത്രി മുതൽ തുടങ്ങിയതാണ് ചെന്നൈയിലെ പഴയ കാശി തിയറ്ററിനു മുന്നിൽ ആരാധകരുടെ ആഘോഷപ്രകടനം. പടക്കം, ഡപ്പാംകൂത്ത്, ബാന്‍റടിമേളം. രജനി ഫാൻസ് ഡാ.

ഫാൻസ് അസോസിയേഷൻകാർക്ക് മാറ്റിവെയ്ക്കാറുള്ള ടിക്കറ്റ് ഇത്തവണയില്ലെന്ന് തീയറ്ററുടമകൾ പറഞ്ഞതോടെ ആഹ്ലാദം പ്രതിഷേധത്തിലേയ്ക്ക് വഴി മാറി.

ടിക്കറ്റ് കിട്ടാത്തതിൽ ചിലർക്ക് കടുത്ത നിരാശ.

ഒരു മണിയ്ക്ക് തുടങ്ങാൻ തീരുമാനിച്ചിരുന്ന ഷോ നീണ്ട് നാലരയായി. ഷോയ്ക്ക് ആരാധകർക്കൊപ്പം പ്രിയതാരം ജയറാമും കാളിദാസനും.

പിന്നീട് രണ്ടരമണിക്കൂർ എഴുപതുകളിലെ രജനിയെ മുതൽ താടിയും മുടിയും നരച്ച രജനിയെ ആരാധകർ നെഞ്ചിലേറ്റുവാങ്ങി.