വിവാദരംഗം മുറിച്ചുമാറ്റാതെ കഥകളി സിനിമ വരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിനിമ വീണ്ടും കണ്ട സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമ പോരാട്ടത്തിനും ഒടുവിലാണ് കഥകളിക്ക് പ്രദര്‍ശനാനുമതി കിട്ടുന്നത്. നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ മുറിച്ചുമാറ്റാന്‍ നേരത്തെ സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ച ക്ലൈമാക്‌സ് നിലനിര്‍ത്തി. എ സര്‍ട്ടിഫിക്കറ്റുമായി സിനിമ പുറത്തിറങ്ങും. കോടതി ഇടപെട്ടാണെങ്കിലും, ആവിഷ്കാര സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സൈജോ പറഞ്ഞു.

ചിത്രത്തിന്റെ സന്ദേശവും ഉള്ളടക്കവും ഒന്നും കണക്കിലെടുക്കാതെ, അന്ധമായ സെന്‍സറിംഗ് രീതി മാറിയേ തീരൂവെന്ന് സംവിധായകന്‍ പറയുന്നു. ഡിസംബറിലെ കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് കഥകളിയുടെ ആദ്യ ലക്ഷ്യം. ഇന്ത്യന്‍ പനോരമയിലും മറ്റ് രാജ്യാന്തര മേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് തീയറ്ററുകളിലെത്തിക്കാനാണ് സൈജോയുടെ തീരുമാനം. വിവാദങ്ങളുടെ പേരിലാണെങ്കിലും, സിനിമാസ്വാദകരുടെ ഇടയില്‍ കഥകളി ഇതിനകം തന്നെ ചര്‍ച്ചയായത് ഗുണംചെയ്യുമെന്നാണ് സംവിധായകന്റെ കണക്കുകൂട്ടല്‍.