വിശ്വരൂപം ആദ്യഭാഗത്തിന് മുസ്‍ലിം സംഘടനകള്‍ തമിഴ്‍നാട്ടില്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ തന്‍റെ വീടിന് ചുറ്റും കൂടിയ ആരാധകര്‍ അടക്കമുള്ളവരോട് കമല്‍ നടത്തിയ വികാരപരമായ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍

തീയേറ്ററുകളിലെത്തുമ്പോള്‍ ബോക്സ് ഓഫീസ് സ്വീകാര്യത എത്രത്തോളമായാലും റിലീസിന് മുന്‍പ് ഒരു കമല്‍ഹാസന്‍ ചിത്രത്തെക്കുറിച്ച് സിനിമാപ്രേമികള്‍ക്കിടയില്‍ എപ്പോഴും പ്രതീക്ഷയുണ്ട്. ആദ്യഭാഗം പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന രണ്ടാംഭാഗവും പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ ഉണര്‍ത്തിയിരുന്നു. 'മക്കള്‍ നീതി മയ്യം' എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം സിനിമാജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് താനെന്ന് കമല്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. വിശ്വരൂപം 2 ന്‍റെ ആദ്യപ്രദര്‍ശനങ്ങള്‍ക്ക് എത്തിയ ആരാധകരെ കമല്‍ എന്തായാലും ഞെട്ടിച്ചു. 

വിശ്വരൂപം ആദ്യഭാഗത്തിന് മുസ്‍ലിം സംഘടനകള്‍ തമിഴ്‍നാട്ടില്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് പിന്നാലെ തന്‍റെ വീടിന് ചുറ്റും കൂടിയ ആരാധകര്‍ അടക്കമുള്ളവരോട് കമല്‍ നടത്തിയ വികാരപരമായ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണ് വിശ്വരൂപം 2ന് കാത്തിരുന്ന കാണികള്‍ക്ക് മുന്നിലേക്ക് ആദ്യമെത്തിയത്. പിന്നാലെ മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്‍റെ പരസ്യം പോലെയുള്ള ദൃശ്യങ്ങളും. കണ്ടുകൊണ്ടിരിക്കുന്നത് സിനിമ തന്നെയോ എന്ന അത്ഭുതം ആദ്യ ഷോകള്‍ നടന്ന തീയേറ്ററുകളില്‍ അധികനേരം തുടരും മുന്‍പേ അവസാനിച്ചു. കാരണം അത് സിനിമ ആയിരുന്നില്ല. മക്കള്‍ നീതി മയ്യത്തിന്‍റെ പരസ്യമെന്ന് തോന്നിപ്പിച്ച, മിനിറ്റുകള്‍ നീണ്ട ഭാഗത്തിന് ശേഷമാണ് വിശ്വരൂപം 2ന്‍റെ ടൈറ്റില്‍സ് ആരംഭിച്ചത്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. എസ്.ചന്ദ്രഹാസനും കമല്‍ഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. ജിബ്രാന്‍ സംഗീതം. പണ്ഡിറ്റ് ബിര്‍ജു മഹാരാജും കമലും ചേര്‍ന്നാണ് നൃത്തസംവിധാനം. ഷാംദത്തും സനു ജോണ്‍ വര്‍ഗീസും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്ന് എഡിറ്റിംഗ്.