നിലപാടുകള്‍ കൊണ്ടും മുഖം നോക്കാതെയുള്ള മറുപടികൊണ്ടും ബോളിബുഡിലെ അയണ്‍ ലേഡിയായതാണ് കങ്കണ റണാവത്ത്. ഋതിക് റോഷനുമായുള്ള പ്രണയവും വേര്‍പാടും ഇരുവരും തമ്മിലുള്ള പോരുമെല്ലാം കങ്കണയെ എന്നും വിവാദ നായികയാക്കിയിട്ടുണ്ട്. സ്ത്രീപക്ഷത്ത് നിന്ന് നിലപാടെടുക്കുന്ന കങ്കണ ഇത്തവണ ഖാന്‍ മാര്‍ക്കെതിരെയാണ് രംഗത്ത് വന്നിരിക്കുന്നത്.

ഖാന്മാരുടെ നിഴലില്‍ നിന്നുള്ള പ്രശസ്തി തനിക്ക് വേണ്ടെന്നാണ് കങ്കണ തുറന്നടിച്ചത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഖാന്മാരുടെ ചിത്രത്തില്‍ അഭിനയിക്കുന്നതു കൊണ്ടു മാത്രം സ്ഥിരത വരുമെന്ന് താന്‍ വിശ്വസിക്കുന്നില്ലല്ലെന്നും ഇന്ന് ഞാന്‍ നില്‍ക്കുന്നത് എവിടെയെന്ന് എനിക്ക് വ്യക്തമായി അറിയാമെന്നും കങ്കണ പറയുന്നു.

ഷാരൂഖ് ഖാന്റെ വലിയൊരു ആരാധികയാണു ഞാന്‍. എന്നാല്‍ എന്റെയും ഷാരൂഖിന്റെയും വഴികള്‍ ഒരിക്കലും കൂട്ടിമുട്ടില്ലെന്നും കങ്കണ പറഞ്ഞു. ഇന്ന് എനിക്ക് എന്റേതായ ആരാധകരുണ്ട്. അവര്‍ക്ക് എന്നില്‍ പ്രതീക്ഷയുണ്ട്. അത് വര്‍ദ്ധിപ്പിക്കാനായി ഒരു സൂപ്പര്‍താരത്തിന്റെയും തണല്‍ വേണ്ടെന്ന് രണ്ട് തവണ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ കങ്കണ തുറന്ന് പറയുന്നു.