ബോളിവുഡിൽ നിന്നുള്ള ടെക്‌നിഷ്യൻസ് എല്ലാം വളരെ എക്സ്പെൻസിവ് ആണ്.
ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങീ ചിത്രങ്ങളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ഈ സിനിമകളുടെ ബജറ്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരു ബോളിവുഡ് സിനിമ ചെയ്യുക എന്നത് സാധ്യമായ കാര്യമല്ലെന്നും ദി സ്ട്രീമിംഗ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞു. ബോളിവുഡിൽ താരങ്ങളുടെയും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ടെക്‌നിഷ്യൻസിന്റെയും പ്രതിഫലം വളരെ കൂടുതലാണെന്നും അതുകൊണ്ട് തന്നെ മഞ്ഞുമ്മൽ ബോയ്സ് പോലെയോ, ആവേശം പോലെയോ ഒരു സിനിമ അത്രയും കുറഞ്ഞ ബജറ്റിൽ ബോളിവുഡിൽ സാധ്യമല്ലെന്നും കരൺ ജോഹർ ഓർമ്മപെടുത്തുന്നു.
"ആവേശം മികച്ച സിനിമയാണ്. ഫഹദ് ഫാസിൽ നമ്മുടെ മികച്ച നടന്മാരിൽ ഒരാളാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ് എത്തിയപ്പോൾ എനിക്ക് ശരിക്കും ശ്വാസം മുട്ടിയിരുന്നു, അത്രയും മികച്ചതായാണ് ക്ലൈമാക്സ് രംഗങ്ങൾ എല്ലാം ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമകളുടെ ബജറ്റ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെ സിനിമയെടുക്കണമെന്ന് എനിക്ക് അറിയില്ല. മുംബൈയിൽ അത് സാധ്യമല്ല, ബോളിവുഡിൽ നിന്നുള്ള ടെക്‌നിഷ്യൻസ് എല്ലാം വളരെ എക്സ്പെൻസിവ് ആണ്. ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്കെയിൽ തന്നെ വളരെ വലുതാണ്. അത് മാറ്റാൻ കഴിയില്ല." കരൺ ജോഹർ പറഞ്ഞു.
അതേസമയം 2023 -ൽ പുറത്തിറങ്ങിയ 'റോക്കി ഔർ റാണി കീ പ്രേം കഹാനി' ആണ് കരൺ ജോഹറിന്റേതായി അവസാനം പുറത്തിയ ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.


