ദില്ലി: ബോളിവുഡ് താരങ്ങളായ കത്രീന കൈഫിനെയും സിദ്ധാർത്ഥ് മൽഹോത്രയെയും എയർഇന്ത്യ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. സമയത്ത് വിമാനത്തിൽ കയറാൻ എത്താതിരിക്കുകയും എത്തിയിട്ടും വിമാനത്താവളത്തിൽ സിനിമയുടെ പ്രൊമോഷനായി ആരാധകരോടു സംസാരിച്ചിരിക്കുകയും ചെയ്തതിനാണ് എയർ ഇന്ത്യ സിദ്ധാർത്ഥിനെയും കത്രീനയെയും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ദില്ലി വിമാനത്താവളത്തിൽ മുംബൈയിലേക്ക് പോകാനായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.

ദില്ലിയിൽ നിന്നും മുംബെയിലേക്ക് പോകേണ്ടിയിരുന്ന എഐ 317 വിമാനമാണ് വൈകിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഇതുസംബന്ധിച്ച് എയർഇന്ത്യ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇങ്ങനെ. രാത്രിയോടെ തന്നെ താരങ്ങൾ രണ്ടു പേരും വിമാനത്തിൽ കയറാനായി എത്തി ബോർഡിംഗ് പാസും കരസ്ഥമാക്കിയിരുന്നു. 

എന്നാൽ സുരക്ഷാ പരിശോധനയ്ക്ക് നിൽക്കുന്നതിനു മുന്നോടിയായി താരങ്ങൾ രണ്ടു പേരും ആരാധകരോടു സംസാരിക്കാനാണ് സമയം കിട്ടിയത്. 9.40നു യാത്ര പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുമൂലം വൈകുകയും ചെയ്തു.

തങ്ങളുടെ പുതിയ ചിത്രമായ ബാർ ബാർ ദേഖോ വിജയിപ്പിക്കണമെന്നു പറയുകയിരുന്നു താരങ്ങൾ. ഒടുവിൽ ഒരു മണിക്കൂർ വൈകി 10.45നാണ് വിമാനം പുറപ്പെട്ടത്.