നിർമ്മാതാവിന് വ്യക്തിപരമായി നടക്കുന്ന ബിസിനസുകളെ കുറിച്ച് പറഞ്ഞിട്ടില്ല
മലയാള സിനിമകളുടെ മാസംതോറുമുള്ള തിയേറ്റർ കളക്ഷൻ പുറത്തുവിടുന്നത് വലിയ ചർച്ചകൾക്കും ചിലപ്പോഴൊക്കെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. ഇത്തരം കണക്കുകൾ പുറത്തുവിടുന്നതിലൂടെ ഒടിടി- സാറ്റലൈറ്റ് വിൽപ്പനയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ചെറിയ സിനിമകളുടെ നിർമ്മാതാക്കൾ ചൂണ്ടികാണിച്ചിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫൻ.
ബിസിനസ് നടക്കാത്ത സിനിമകളുടെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞുവെന്നാണ് ലിസ്റ്റിൻ പറയുന്നത്. മാർച്ച് മുതൽ തന്നെ ഇത്തരം കണക്കുകൾ പുറത്തിവിടുന്നത് നിർത്തിയിരുന്നെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ലിസ്റ്റിൻ സ്റ്റീഫൻ ചൂണ്ടികാണിച്ചു. "കുറേ ആളുകൾക്ക് താത്പര്യമുണ്ട്, കുറേ പേർക്ക് താത്പര്യമില്ല. മാർച്ച് മാസം മുതൽ തന്നെ റിപ്പോർട്ട് പുറത്തുവിടുന്നത് അവസാനിപ്പിച്ചിരുന്നു. കമ്മിറ്റിക്ക് പുറത്തുള്ളവരും അത് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. കൂടുതൽ ചോദ്യം വന്നപ്പോൾ അത് നിർത്തി. നിർമ്മാതാവിന് വ്യക്തിപരമായി നടക്കുന്ന ബിസിനസുകളെ കുറിച്ച് പറഞ്ഞിട്ടില്ല. മുഴുവൻ കളക്ഷൻ എന്തുകൊണ്ട് പറയുന്നില്ല എന്നൊക്കെ ചോദ്യം വന്നിരുന്നു. ചില നിര്‍മാതാക്കള്‍ എത്ര വന്നെന്ന് പറയണമെന്നില്ല. താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കേണ്ടല്ലോ എന്ന് കരുതിയാണ് നിര്‍ത്തിയത്. ബിസിനസിനെ ബാധിക്കുന്നുണ്ടെന്ന് ചില നിര്‍മാതാക്കള്‍ പറഞ്ഞു. ബിസിനസ് നടക്കാത്ത സിനിമകളുടെ കളക്ഷന്‍ പുറത്തുവരുമ്പോള്‍ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് ചിലര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നിർത്തിയത്." ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അതേസമയം ഏറെ വിവാദങ്ങൾക്ക് ശേഷം നടന്ന കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിൻ സ്റ്റീഫനും വിജയിച്ചിരുന്നു. എൻപി സുബൈറിനെ ട്രഷററായും തെരഞ്ഞെടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്ര തോമസും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച വിനയനും പരാജയപ്പെട്ടു. സോഫിയ പോള്‍, സന്ദീപ് സേനൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാരായി വിജയിച്ചത്. ആൽവിൻ ആന്‍റണി, എംഎം ഹംസ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.


