മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ് കോളിവുഡ്.
രാഷ്ട്രീയത്തിന് പുറമേ കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച തമിഴകത്തിന്‍റെ കലൈഞ്ജര്‍ എം.കരുണാനിധിക്ക് ആദരമര്‍പ്പിച്ച് തമിഴ് സിനിമാലോകം. രജനീകാന്ത്, അജിത്ത്, സൂര്യ, ധനുഷ്, ശിവകാര്‍ത്തികേയന്‍, വൈരമുത്തു എന്നിവരൊക്കെ കരുണാനിധിക്ക് നേരിട്ടെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ് കോളിവുഡ്. ഓഡിയോ റിലീസുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളും ഇന്ന് ഉണ്ടാവില്ല. സിനിമാ തീയേറ്ററുകളും ഇന്ന് അടഞ്ഞുകിടക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൗണ്‍സില്‍ പ്രസിഡന്‍റ് വിശാല്‍ കൃഷ്‍ണ അറിയിച്ചു.
ഒരു കലാകാരന്‍ എന്ന നിലയില്‍ ഇത് താന്‍ ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന കറുത്ത ദിനമാണെന്നായിരുന്നു കരുണാനിധിയുടെ മരണവാര്‍ത്തയോടുള്ള രജനീകാന്തിന്‍റെ ആദ്യ പ്രതികരണം. മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള, #Marina4Kalaignar എന്ന ട്വിറ്റര്‍ ക്യാംപെയ്‍നില്‍ രജനീകാന്തും പങ്കെടുത്തിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കരുണാനിധിയെ, ചികിത്സയിലായിരുന്ന ചെന്നൈ കാവേരി ആശുപത്രിയിലെത്തി രജനി സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റുമായ എം.കെ.സ്റ്റാലിനെയും മറ്റ് കുടുംബാംഗങ്ങളെയും രജനി കണ്ടിരുന്നു. കരുണാനിധി ഉറക്കത്തിലായിരുന്നതിനാല്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനായില്ലെന്നും അതിനാല്‍ കുടുംബാംഗങ്ങളോടാണ് ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ചതെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് അന്ന് പറഞ്ഞിരുന്നു.
കരുണാനിധിയുടെ മരണവിവരം പുറത്തുവന്ന സമയത്ത് കമല്‍ഹാസന്‍ തമിഴ്‍നാട്ടില്‍ ഉണ്ടായിരുന്നില്ല. ഈ മാസം പത്തിന് തീയേറ്ററുകളിലെത്താനിരിക്കുന്ന തന്‍റെ ചിത്രം വിശ്വരൂപം 2ന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദില്ലിയിലായിരുന്നു കമല്‍. എന്നാല്‍ കലൈഞ്ജരുടെ മരണവിവരം പുറത്തുവന്നയുടന്‍ അദ്ദേഹം മുന്‍നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചു.
മരണവാര്‍ത്ത പുറത്തുവന്ന സമയത്ത് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിന്‍റെ ചിത്രീകരണത്തിലായിരുന്നു അജിത്ത് കുമാര്‍. വിവരമണിഞ്ഞയുടന്‍ അദ്ദേഹം ചെന്നൈയിലേക്ക് പുറപ്പെടുകയായിരുന്നു. നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ നടന്‍ വിശാല്‍ ട്രിച്ചിയില്‍ ചിത്രീകരണത്തിലായിരുന്നു. അദ്ദേഹവും ഇന്നലെത്തന്നെ ഷൂട്ടിംഗ് നിര്‍ത്തിവച്ച് ചെന്നൈയിലേക്ക് തിരിച്ചു. #Marina4Kalaignar ക്യാംപെയ്‍നിലും വിശാല്‍ പങ്കെടുത്തു.
യുഎസില്‍ സര്‍ക്കാരിന്‍റെ ചിത്രീകരണത്തിലാണ് വിജയ്. കരുണാനിധിയോടുള്ള ആദരസൂചകമായി ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ് സംഘം. തമിഴ് ജനതയുടെ ഹൃദയത്തില്‍ കൊത്തിവെക്കപ്പെട്ട പേരായിരിക്കും കരുണാനിധിയുടേതെന്ന് നടി ഖുഷ്ബു സുന്ദര്‍ ട്വിറ്ററില്‍ കുറിച്ചു. അവസാനശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. താന്‍ അനാഥയായി പോയത് പോലെ തോന്നുന്നെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു. കരുണാനിധി തന്‍റെ മുത്തച്ഛന്‍റെ അടുത്ത സുഹൃത്തും കുടുംബാംഗവും ആയിരുന്നെന്ന് തമിഴ് നടന്‍ പ്രഭുവിന്റെ മകന്‍ വിക്രം പറഞ്ഞു. മുത്തച്ഛനായ ശിവാജി ഗണേഷന് സിനിമയില്‍ എത്തുന്നതിനും മുമ്പേ കുടുംബാംഗത്തെ പോലെ അദ്ദേഹം കൂടെ ഉണ്ടായിരുന്നതായി വിക്രം പറഞ്ഞു. തമിഴ്നാട്ടിലെ ബലവാനായ അവസാനത്തെ നേതാവ് വീണെന്നായിരുന്നു നടന്‍ സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്. രാജ്യം കണ്ട എക്കാലത്തേയും മികച്ച നേതാവാണ് വിട പറഞ്ഞതെന്ന് നടി ഹന്‍സിക ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുളള ശക്തി തമിഴ് മക്കള്‍ക്കും അദ്ദേഹത്തിന്‍റെ കുടുംബത്തിനും ദൈവം നല്‍കട്ടേയെന്നും ഹന്‍സിക കൂട്ടിച്ചേർത്തു.
