'തെറ്റുകാരനെങ്കിൽ കോടതി വിധിക്കട്ടെ, നിയമനടപടി നേരിടാൻ തയ്യാർ'; ആരോപണത്തില്‍ പ്രതികരിച്ച് അലന്‍സിയര്‍
തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി.
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ അലൻസിയർ. തെറ്റുകാരനാണെങ്കിൽ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാൻ തയ്യാറാണെന്നും അലൻസിയർ വ്യക്തമാക്കി. അലന്‍സിയറിനെക്കുറിച്ചുള്ള പരാതിയില്‍ താരസംഘടന അമ്മ ഇതുവരെ നടപടി എടുത്തില്ലെന്ന് നടി ദിവ്യ ഗോപിനാഥ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്. തുടർന്ന് 2018 ൽ പരാതി നൽകിയെന്നും ദിവ്യ പറഞ്ഞു. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു ഇടവേള ബാബുവില്‍ നിന്ന് മറുപടി ലഭിച്ചത്. പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും ദിവ്യ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയ്യാറാകണം. തനിക്ക് സിനിമയിലെ അവസരം കുറഞ്ഞെന്നും പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേർത്തു.