ചെന്നൈ: സ്റ്റൈൽമന്നന്‍റെ കബാലി അവതരിച്ചു. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രാവിലെ നാലുമണിക്ക് ആരംഭിച്ച ഷോകളില്‍ മികച്ച റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ 3000ത്തോളം തിയറ്ററുകളില്‍ മിക്കവയിലും രാവിലെ 4.30ന് തന്നെ കബാലി പ്രദര്‍ശിപ്പിച്ചു തുടങ്ങി. കേരളത്തില്‍ 250 ഒളം തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. ഇതില്‍ പ്രധാന നഗരങ്ങളിലെ തിയറ്ററുകളില്‍ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു.

തമിഴ്നാട്ടിലെ ആദ്യദിവസത്തെ ആദ്യഷോ അക്ഷരാർഥത്തിൽ ആരാധകർ ആഘോഷമാക്കി. ചെന്നൈ കെ കെ നഗറിലെ പഴയ കാശി തീയറ്ററിൽ രാവിലെ നാലരയോടെ ആദ്യഷോ തുടങ്ങി. കൊട്ടും പാട്ടും മേളവും പടക്കം പൊട്ടിയ്ക്കലുമായാണ് ആരാധകർ രജനിയുടെ തിരിച്ചുവരവ് ഉത്സവമാക്കിയത്.

അതേ സമയം കബാലിയുടെ ആദ്യദിവസത്തെ ആദ്യഷോയ്ക്ക് ടിക്കറ്റ് നൽകാത്തതിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തക‍ർക്ക് പ്രതിഷേധ പ്രകടനം നടത്തി. ചെന്നൈയിലെ കാശി തീയറ്ററിൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.  പ്രതിഷേധസൂചകമായി തങ്ങൾ കെട്ടിയ പോസ്റ്ററുകളെല്ലാം ഫാൻസ് അസോസിയേഷനുകാർ അഴിച്ചുമാറ്റി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നു.

മലയാളത്തിന്‍റെ പ്രിയതാരം ജയറാമും മകൻ കാളിദാ‍സനും കെ കെ നഗറിലെ കാശി തീയറ്ററിൽ ആദ്യദിവസം ആദ്യഷോ കാണാനെത്തി. ജീവിതത്തിലാദ്യമായാണ് തമിഴ്നാട്ടിലെ രജനി ആരാധകർക്കൊപ്പം സ്റ്റൈൽമന്നന്‍റെ സിനിമ നേരിട്ടു കാണുന്നതെന്ന് ജയറാം പറഞ്ഞു. ആൾക്കൂട്ടത്തിന്‍റെ ആവേശത്തിനൊപ്പം വിസിലടിച്ച് ഇരുവരും ആഘോഷത്തിൽ പങ്കുചേർന്നു.

കേരളത്തില്‍ രജനി ചിത്രമായ കബാലി സംസ്ഥാനത്ത് ഏറ്റവുമധികം തിയ്യേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത് പാലക്കാട്ടാണ്. ഇന്നലെ രാത്രി മുതൽ തന്നെ തിയ്യേറ്ററുകളിൽവലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക തിയറ്ററുകളിലും രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു.

തിരുവനന്തപുരത്തും തീയറ്ററുകളിൽ വലിയ ആവേശമാണ്. രാവിലെ നാലരക്ക് തുടങ്ങിയ ഷോ അവസാനിച്ചിട്ടില്ല.. .നഗരത്തിലെ 8 തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.