എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്താനുള്ള തന്ത്രവുമായി നിര്‍മ്മാതാക്കളും വിതരണക്കാരും. വിജയ് സിനിമ ഭൈരവ ഫെഡറേഷന്റെ ചില തിയേറ്ററുകളിലും റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന ഉണ്ടാക്കാനാണ് തീരുമാനം. സംഘടന പിളര്‍ത്താനുള്ള നീക്കത്തിന് പിന്നില്‍ നടന്‍ ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. സമരം തീര്‍ക്കാന്‍ ഇടപെടാത്ത സൂപ്പര്‍താരങ്ങളെ നിര്‍മ്മാതാക്കളുടെ സംഘടന വിമര്‍ശിച്ചു.
നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടെയും ഭൈരവ തന്ത്രം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ വിള്ളല്‍ വീഴ്ത്തി. സര്‍ക്കാര്‍ തിയേറ്ററുകള്‍ക്കും മാളുകള്‍ക്കും ബി-സി ക്ലാസിനും പിന്നാലെ ചില എ ക്ലാസിലും ഭൈരവ എത്തി. സമരാഹ്വാനം തള്ളി ഫെഡറേഷന്റെ 30 തിയേറ്ററുകളില്‍ ഭൈരവ റിലീസ് ചെയ്തുവെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. റിലീസ് ചെയ്തത് ഫെഡറേഷന്റെ 18 തിയേറ്ററുകളില്‍ മാത്രമാണെന്നാണ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീറിന്റെ മറുപടി. പലതും താരങ്ങളുടെ തിയേറ്ററുകളാണെന്നും നടപടി ഉറപ്പാണെന്നുമാണ് ഫെഡറേഷന്റെ മുന്നറിയിപ്പ്.
ഫെഡറേഷന്‍ നേതൃത്വത്തോട് ഇടഞ്ഞ വിമതരെ ഉള്‍പ്പെടുത്തി തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയുണ്ടാക്കാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടേയും ശ്രമം . വിനയനെ ഒതുക്കാന്‍ മാക്ട പൊളിച്ച് ഫെഫ്ക ഉണ്ടാക്കിയ രീതിയിലാണ് നീക്കം. ദിലീപിന്റെ ഇടപെടലുകള്‍ പ്രതിസന്ധി ഒഴിവാക്കാനാണെന്ന് വിശദീകരിച്ച നിര്‍മ്മാതാക്കള്‍ പക്ഷെ സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചു.
കാംബോജിയുടെ നാളത്തെ റിലീസ് സംവിധായകന്‍ വിനോദ് മങ്കര മാറ്റിവച്ചത് നിര്‍മ്മാതാക്കളുടെ ബദല്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. കൂടുതല്‍ തിയേറ്ററുകള്‍ കിട്ടുന്നില്ലെന്നാണ് വിനോദിന്റെ പരാതി. ഭൈരവയ്‍ക്ക് പിന്നാലെ പെട്ടിയിലുളള മലയാള ചിത്രങ്ങളും റിലീസിനെത്തിക്കുകയാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടേയും മുന്നിലെ വെല്ലുവിളി.
ഫയല്‍ ഫോട്ടോ
