അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നടന്ന ഹർത്താലിനെ നടി മാലാ പാർവതി പിന്തുണച്ചു. നിതിന്റെ മരണത്തിന് കാരണമായ ജാതീയ അധിക്ഷേപം ഗൗരവമുള്ള വിഷയമാണെന്നും, ദളിത് സംഘടനകൾ ആഹ്വാനം ചെയ്തതുകൊണ്ടാണ് പലരും സമരത്തെ അവഗണിക്കുന്നതെന്നും അവർ പറഞ്ഞു.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്നു നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താൽ സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പല ഭാഗത്തും സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഹർത്താലിനെതിരെ പലരും സമൂഹമാധ്യമങ്ങളിയിലൂടെയും മറ്റും രംഗത്തുവന്നിരുന്നു.

എന്നാൽ ഇപ്പോഴിതാ ഹർത്താലിനെ പിന്തുണച്ചുകൊണ്ട് നടി മാല പാർവതി രംഗത്തെത്തിയിരിക്കുകയാണ്. ഹർത്താലിനെ ഒരു സമരമാർഗ്ഗമായി ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ എക്കാലത്തും സ്വീകരിച്ചിട്ടുണ്ടെന്നും ദലിത് പാർട്ടികളല്ലേ എന്ന നിലയിൽ പലരും ഇന്നത്തെ ഹർത്താലിനെ കണ്ടുവെന്നും സാധാരണ ഹർത്താൽ പ്രഖ്യാപനം വന്നാൽ ഉണ്ടാവുന്ന പല മുൻകരുതലും ഇവിടെ ഉണ്ടാവാത്തത് എന്തുകൊണ്ടായിരിക്കുമെന്നും മാല പാർവതി ചോദിക്കുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മാല പാർവതിയുടെ പ്രതികരണം.

"ഹർത്താൽ ഒരു സമരമാർഗ്ഗമായി, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ, എക്കാലത്തും സ്വീകരിച്ചിട്ടുണ്ട്. "ദളിത് പാർട്ടകളല്ലേ.. അവര് എന്ത് ചെയ്യാനാ" എന്ന നിലയിൽ, ചിലരെങ്കിലും, ഇന്നത്തെ ഹർത്താലിനെ കണ്ടു. സാധാരണ ഹർത്താൽ പ്രഖ്യാ‌പനം വന്നാൽ, മുൻ കരുതലുകൾ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും?

നിധിൻ രാജിൻ്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്. പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു. സമരം ഒരു പ്രതിഷേധ മുറയാണ്.അത് കേരളത്തിൽ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള വിചാരണകളോട് യോജിപ്പില്ല. നിധിൻ്റെ മരണം ഒരു ഗൗരവമായ പ്രശ്നമാണ്. ഇൻസ്റ്റിറ്റ്യൂഷനുകളിലും, മറ്റ് പല ഇടങ്ങളിൽ, ഇക്കാലത്തും വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്! നിധിൻ്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആർക്കും ഒരു പ്രശ്നമല്ലാത്തത് പോലെ! വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹർത്താൽ അവശ്യമായിരുന്നു എന്ന് തോന്നാൻ കാരണവുമതാണ്." മാല പാർവതി കുറിച്ചു.