ഫെബ്രുവരി 8ന് റിലീസ് ചെയ്യാനിരിക്കുന്ന, മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം യാത്രയുടെ നിര്‍മ്മാതാക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ ടൈറ്റിലും കഥയും തന്റേതാണെന്നും അവ ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡ് ഓഫ് സൗത്ത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി എം മുരുകന്‍ (ശ്രീ സായ് ലക്ഷ്മി പിക്‌ചേഴ്‌സ്) എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഈ വിഷയത്തിലെ വിശദമായ വാദംകേള്‍ക്കല്‍ ആറാം തീയ്യതിയിലേക്ക് മാറ്റിയിട്ടുണ്ട്.

'യാത്ര' എന്ന പേരില്‍ത്തന്നെയുള്ള തന്റെ സിനിമയുടെ ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായെന്നും ചിത്രം ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കുകയാണെന്നുമാണ് എം മുരുഗന്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡിന്റെ നിര്‍ദേശത്തെ വകവെക്കാതെയാണ് മുന്നോട്ടുപോയതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ റിലീസ് തടയണമെന്നാണ് ആവശ്യം.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.