ആകാംക്ഷ ഉയർത്തി ജ്യോതികയുടെ പുതിയ തമിഴ് ചിത്രം. ജോയുടെ മകളിർ മട്ടും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു.


സൂപ്പർതാരം സൂര്യയുമായുള്ള വിവാഹശേഷം സിനിമാലോകത്ത് നിന്ന് വിട്ടുനിന്ന ജ്യോതിക, 2015ൽ 36 വയതിനിലൂടെ ആണ് വീണ്ടും ക്യാമറയ്‍ക്കു മുന്നിലെത്തിയത്. ഹൗ ഓൾഡ് ആർ യു മ‌‌‌ഞ്ജുവിനെ മലയാളിക്ക് തിരിച്ചുതന്നത് പോലെ, 36 വയതിനിലെ തമിഴകത്തിന്റെ പ്രിയ ജോയ്ക്ക് ഗംഭീരതിരിച്ചുവരവിന് വഴിയൊരുക്കി.

വീണ്ടും മറ്റൊരു ശക്തമായ കഥാപാത്രവുമായി ജോ എത്തുകയാണ്. ബൈക്കോടിക്കുന്ന ജ്യോതികയുടെ ആദ്യപോസ്റ്ററിലൂടെ തന്നെ മകളിർ മട്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. ആവേശമുയർത്തിയ പോസ്റ്ററിന് പിന്നാലെ ഇപ്പോഴിതാ ട്രെയിലര്‍ പുറത്തുവന്നു.

സ്ത്രീകൾ മാത്രം. അതാണ് മകളിർ മട്ടും എന്നവാക്കിന്റെ അർത്ഥം. പേര് സൂചിപ്പിക്കും പോലെ നായികാപ്രാധാന്യമുള്ള ചിത്രം. സംവിധായകൻ ജി.ബ്രമ്മയുടെ രണ്ടാമത്തെ സിനിമയാണ് മകളിർ മട്ടും .ഉർവ്വശി, ശരണ്യ പൊൻവണ്ണൻ, എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. കഥാപാത്രത്തിനായി ജ്യോതിക മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ആണ് നടത്തിയത്. ഇതാദ്യമായി ജ്യോതിക സ്വന്തം ഡബ്ബ് ചെയ്യുന്നതും. റിലീസ് ഉടനുണ്ടാകും.