ഹൈദരാബാദ്: നയന്‍താരയ്ക്ക് നേരെ തെലുങ്ക് സിനിമ ആരാധകരുടെ രോഷപ്രകടനവും, പ്രതിഷേധവും. തമിഴ് സൂപ്പര്‍താരം വെങ്കിടേഷിന്‍റെ ആരാധാകരാണ് നയന്‍സിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. വെങ്കിടേഷ് നായകനാകുന്ന ബാബു ബങ്കാരം എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന് നയന്‍സ് എത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഓഡിയോ ലോഞ്ച് ചടങ്ങില്‍ നയന്‍സിന് എതിരെ ആരാധകര്‍ പോസ്റ്റര്‍ പതിക്കുകയും മുദ്രവാക്യം വിളിക്കുകയും ചെയ്തു. മാരുതിയാണ് ബാബു ബങ്കാരം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കിടേഷിന്‍റെ തെലുങ്ക് ചലച്ചിത്രലോകത്തിലെ അരങ്ങേറ്റത്തിന്‍റെ മുപ്പതാം വാര്‍ഷികത്തിലാണ് ചിത്രം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതിനാല്‍ തന്നെ വെങ്കിടേഷ് ആരാധകരെ സംബന്ധിച്ച് ചിത്രം ഏറെ പ്രധാനമുള്ളതാണ്. 

എന്നാല്‍ ഷൂട്ടിംഗ് തിരക്കുകളാണ് നയന്‍സിന് എത്താന്‍ കഴിയാത്തതിന് കാരണം എന്നാണ് അറിയുന്നത്. അതേ സമയം ചിത്രത്തിന്‍റെ അണിയറക്കാരും നയന്‍സിന്‍റെ അസാന്നിധ്യത്തില്‍ അതൃപ്തരാണ് എന്നാണ് അറിയുന്നത്. ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.