മുംബൈ: ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദി മജീദിയുടെ പുതിയ ചിത്രത്തില്‍ മലയാളി നായിക. ബീയോണ്ട് ദ ക്ലൗഡ് എന്ന ചിത്രത്തിലാണ് മാളവിക മോഹന്‍ നായികയാകുന്നു. നേരത്തെ ഈ റോള്‍ ചെയ്യാന്‍ ദീപിക പാദുക്കോണിനെ തിരഞ്ഞെടുത്തതായിരുന്നു, പിന്നീട് മജീദി ദീപികയെ ഒഴിവാക്കി. തുടര്‍ന്നാണ് മാളവികയെ ഈ റോളിലേക്ക് പരിഗണിച്ചത്. റയീസ് അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച പ്രശസ്ത ക്യാമറമാന്‍ കെ.യു മോഹനന്‍റെ മകളാണ് മാളവിക.

നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിര്‍ണ്ണായകം പോലുള്ള ചിത്രങ്ങളിലും പരസ്യങ്ങളില്‍ മോഡലായും മാളവിക തിളങ്ങി. അടുത്ത് ഇറങ്ങാനിരിക്കുന്ന മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദറാണ് മാളവികയുടെ മലയാളത്തിലെ അടുത്ത ചിത്രം.

ഇന്ത്യ പാശ്ചത്തലമാക്കിയുള്ള മജീദിയുടെ പുതിയ ചിത്രം സീ സ്റ്റുഡിയോസും,ഐ കാന്‍റി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മാളവികയെ നായികയായി തിരഞ്ഞെടുത്തതായി ഇവര്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷഹീദ് കപൂറിന്‍റെ സഹോദരന്‍ ഇഷാന്‍ ആദ്യമായി നായകനാകുന്ന ചിത്രത്തിന്‍റെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു കഴിഞ്ഞു.