കൊച്ചി : നടന്‍ ഉണ്ണിമുകുന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഉണ്ണിമുകുന്ദന്‍റെ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

തിരക്കഥാകൃത്തായ യുവതിയടക്കം നാല് പേര്‍ക്കെതിരെയാണ് ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയത്. പരാതിയില്‍ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ നടന്‍ ഉണ്ണിമുന്ദനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

തിരക്കഥ കേള്‍ക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച പെണ്‍കുട്ടി പിന്നീട് പണം ആവശ്യപ്പെട്ടെന്നും, നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്‍റെ പരാതി.

ഉണ്ണിമുകുന്ദന്‍റെ പരാതിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്

ഇടപ്പള്ളിയില്‍ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ കാണാന്‍ വന്നത്. കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വീട് മാറുന്ന തിരക്കിലായതിനാല്‍ ഇപ്പോള്‍ കഥ കേള്‍ക്കാന്‍ സമയമില്ലന്നും തിരക്കഥയുണ്ടെങ്കില്‍ തന്നിട്ടുപോകാനും പറഞ്ഞു.

തിരക്കഥ ആക്കിയിട്ടില്ലെന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാന്‍ തയ്യാറായി. സ്ഥലപരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാഹനം തരപ്പെടുത്തി, പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് ഇവര്‍ ഫോണില്‍ വിളിച്ച് ഭീഷണി തുടങ്ങി. സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ പണം ആവശ്യപ്പെട്ട് വിളിയായി.

ഇതിനും വഴങ്ങില്ലെന്ന് ബോദ്ധ്യമായതോടെ മാനഭംഗ കേസില്‍പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുന്നത്. രൂപ നല്‍കിയാല്‍ പ്രശ്‌നം ഒത്തുതീര്‍ക്കാമെന്നായിരുന്നു ഇയാള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളികള്‍ക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും താരം പരാതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്.

നടന്‍ നല്‍കിയ പരാതിയില്‍ കൊച്ചി ചേരാനല്ലൂര്‍ പൊലീസാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം ഇത് സംബംന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്. പിതാവിന്‍റെ സ്വദേശം ഈ സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ഉണ്ണിമുകുന്ദന്‍ ഇവിടെ പരാതി നല്‍കാനെത്തിയത്. എന്നാല്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള സംഭവം ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു.