വളരെക്കാലത്തിന് ശേഷം സൂപ്പര്‍താര-യുവതാര മത്സരമാണ് മലയാളത്തിലെ ബോക്സ് ഓഫീസില്‍ നടക്കാന്‍ പോകുന്നത്. ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന 'വെളിപാടിന്‍റെ പുസ്തകമാണ്' ഓണം റിലീസുകളില്‍ ആദ്യം എത്തുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങള്‍ പിന്നാലെ എത്തും.  സെവന്‍ത് ഡേ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശ്യാംധര്‍ രണ്ടാം ചിത്രത്തില്‍ മമ്മൂട്ടിയെ കൂട്ട്പിടിച്ചാണ്  'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.  

ജിനു.വി.എബ്രഹാമിന്‍റെ പൃഥ്വിരാജ് ചിത്രം 'ആദം ജോണ്‍', അല്‍ത്താഫ് സലിമിന്‍റെ നിവിന്‍ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയാണ് ഓണത്തിനുള്ള മറ്റ് പ്രധാന റിലീസുകള്‍. 


 'വെളിപാടിന്‍റെ പുസ്തകം' - വിജയവഴിയില്‍ തിരിച്ചെത്താന്‍ മോഹന്‍ലാല്‍

ഒപ്പം, പുലിമുരുകന്‍, 'മുന്തിരിവള്ളികള്‍ തുടര്‍ച്ചയായ വിജയത്തിന് ശേഷം ബോക്സ് ഓഫീസില്‍ കാലിടറിയ ചിത്രമായിരുന്നു '1971: ബിയോണ്ട് ബോര്‍ഡേഴ്‌സ്' എന്ന ചിത്രം. അതിന് ശേഷമുള്ള ലാല്‍ ചിത്രമാണ്  'വെളിപാടിന്‍റെ പുസ്തകം'. 'ഒപ്പ'ത്തിന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം. പ്രൊഫ: മൈക്കിള്‍ ഇടിക്കുള്ള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലായെത്തുന്ന മോഹന്‍ലാലിന് ഇരട്ട ഗെറ്റപ്പുകളുണ്ട് ചിത്രത്തില്‍. 

'അങ്കമാലി ഡയറീസ്' ഫെയിം അന്ന രേഷ്മ രാജന്‍ നായികയാവുന്ന ചിത്രത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ 'അപ്പാനി രവി'യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരുമിക്കും. വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീതവും അജയന്‍ മാങ്ങാട് കലാസംവിധാനവും നിര്‍വഹിക്കുന്നു.

പുള്ളിക്കാരന്‍ സാറാ- മമ്മൂട്ടിയുടെ ഓണമാകുമോ?

'പുത്തന്‍ പണ'ത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് 'പുള്ളിക്കാരന്‍ സ്റ്റാറാ'. 'സെവന്‍ത് ഡേ'യ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന രതീഷ് രവിയാണ്. രാജകുമാരന്‍ എന്ന അധ്യാപക പരിശീലകനാണ് ചിത്രത്തില്‍ മമ്മൂട്ടി. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് റിലീസ് ചെയ്യുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറ.

 'ആദം ജോണ്‍' - പൃഥ്വി ടിയാന്‍റെ ക്ഷീണം തീര്‍ക്കുമോ?

പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്ന പൃഥ്വിരാജ് ചിത്രമാണ് 'ആദം ജോണ്‍'. ശശികുമാര്‍ ചിത്രം 'മാസ്റ്റേഴ്സ്', അനില്‍ സി.മേനോന്‍ ചിത്രം 'ലണ്ടന്‍ ബ്രിഡ്ജ്' എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിലും സ്‌കോട്ട്ലന്‍ഡിലുമായിരുന്നു ചിത്രീകരണം. നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപക് ദേവിന്റെ സംഗീതം. ജിത്തു ദാമോദര്‍ ഛായാഗ്രഹണം. രണ്‍ജി പണിക്കര്‍ എന്‍റര്‍ടെയ്മെന്‍റ്സ് വിതരണം.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

സിദ്ധാര്‍ഥ ശിവ ചിത്രം 'സഖാവി'ന് ശേഷമെത്തുന്ന നിവിന്‍ പോളി ചിത്രം. അല്‍ഫോന്‍സ് പുത്രന്‍ ചിത്രം 'പ്രേമ'ത്തില്‍ 'മേരി'യുടെ കൂട്ടുകാരനായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട അല്‍ത്താഫ് സലിം സംവിധായകനാവുന്നു. 'ആക്ഷന്‍ ഹീറോ ബിജു'വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മാണം. മുകേഷ് മുരളീധരനാണ് ക്യാമറ. ഐശ്വര്യലക്ഷ്മി, അഹാന കൃഷ്ണ, ലാല്‍, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സ്രിന്റ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.