ഒട്ടേറെ മുന്‍നിര നായകന്മാര്‍ സിനിമയില്‍ ഒന്നിച്ചെത്തുന്നത് നാം ഇടയ്ക്കിടെ കാണാറുണ്ട്. എന്നാല്‍ ഒരു കൂട്ടം സംവിധായകന്മാര്‍ സിനിമയില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും. മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സംവിധായകര്‍ അഭിനയിക്കാറുണ്ടെങ്കിലും ഇത്രയും അധികം സംവിധായകന്മാര്‍ ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായിരിക്കും. സിനിമ സംവിധായകന്റെ കലയാണെന്നും അല്ലെന്നുമുള്ള വാദം നിലനില്‍ക്കുമ്പോഴാണ് ക്യാമറയുടെ പിന്നിലും മുന്നിലുമായി സംവിധായകന്മാര്‍ അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തിരുവനന്തപുരത്ത് ആരംഭിക്കും.

 അഭിനയത്തില്‍ മികവ് തെളിയിച്ച ഒട്ടേറെ സംവിധായകര്‍ നമുക്കുണ്ട്. ഇരുപതോളം സീനിയര്‍ സംവിധായകരും അവരോടൊപ്പം പുതുമുഖ സംവിധായകരും സംവിധായികമാരും സഹസംവിധായകരും അഭിനേതാക്കളായി എത്തുകയാണ്. ഇതിലെ നായകനും നായികയുമെല്ലാം സംവിധായകര്‍ തന്നെയാണ് എന്നതാണ് പ്രത്യേക. ലോക സിനിമാ ചരിത്രത്തില്‍ ഇത്തരമൊരു സംരംഭം ഇത് ആദ്യമായിരിക്കും. ഈ സിനിമയുടെ സംവിധായകന്‍ ജി എസ് വിജയനാണ്. ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എസ് എല്‍ പൂരം ജയസൂര്യയാണ്.

 മലയാള സിനിമയില്‍ അഭിനയത്തികവുള്ള സംവിധായകര്‍ ഇനിയുമുണ്ടെന്ന കണ്ടത്തലാണ് ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ഇങ്ങനെയൊരു പ്രൊജക്ടിന് രൂപം കൊടുക്കുവാനുള്ള കാരണം. നഗരജീവിതവുമായി ബന്ധപ്പെടുത്തി ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. രഞ്ജി പണിക്കര്‍,ജോയ് മാത്യു, ലാല്‍ ജോസ്, ഷാജി കൈലാസ്, മേജര്‍ രവി, വൈശാഖ്, ജൂഡ് ആന്റണി, ദിലീഷ് പോത്തന്‍,കെ മധു തുടങ്ങിയവര്‍ അഭിനയിക്കുന്നു.