മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ മെഗാഹിറ്റ് ചിത്രമാണ് ദൃശ്യം. ദൃശ്യത്തിലേക്ക് നായകനാകാന്‍ ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ മമ്മൂട്ടി ആ ക്ഷണം സ്വീകരിച്ചില്ല. പിന്നീട് മോഹന്‍ലാല്‍ നായകനാകുകയും ദൃശ്യം മലയാളസിനിമയിലെ തന്നെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രമാവുകയും ചെയ്‍തു. എന്നാല്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നുവെന്നുതന്നെയാണ് പുതിയ വാര്‍ത്ത. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


അതേസമയം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം ആണ് ജീത്തു ജോസഫിന്റേതായി ഉടന്‍ പുറത്തിറങ്ങാനുള്ള സിനിമ. സൂര്യ എന്ന സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അച്ഛനായ ബാലചന്ദ്ര മേനോന്‍ അഭിനയിക്കുന്നു. നീരജ് മാധവ്, ദിവ്യ പിള്ള, രസ്ന പവിത്രം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.