ഒരു ടീസര്‍കൊണ്ട് അത്ഭുതം സൃഷ്ടിച്ച സിനിമയാണ് കബാലി. വന്‍ പ്രതീക്ഷയാണ് രജനി ആരാധകര്‍ പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നല്‍കുന്നത്, അതിനിടയിലാണ് ചിത്രത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി അതിഥി താരമായി എത്തുമെന്ന വാര്‍ത്ത സമീപദിവസങ്ങളില്‍ പ്രചരിച്ചത്. കബാലിയില്‍ മമ്മൂട്ടിയുടെ റോളിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നതോടെ, ഫാന്‍സ് വിവരങ്ങള്‍ക്കായി പരക്കം പാഞ്ഞു തുടങ്ങി. 

പക്ഷെ ഇതിന് പിന്നിലുള്ള പ്രധാന സംഭവം ഇങ്ങനെ, കബാലിയുടെ വിക്കിപ്പീഡിയ പേജാണ് മമ്മൂട്ടിയുടെ കബാലി വേഷത്തെക്കുറിച്ച് അഭ്യൂഹം പരന്നത്. പെട്ടെന്നൊരു ദിവസം കബാലിയുടെ വിക്കിപീഡിയ പേജില്‍ ചിത്രത്തിലെ താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയുടെ പേരും പ്രത്യക്ഷപ്പെട്ടു. ഇതോടെ മമ്മൂട്ടിയുടെ ഗസ്റ്റ് റോള്‍ എന്ന വാര്‍ത്ത വൈറലായി.

എന്നാല്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം തെറ്റാണെന്ന് കബാലി എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ ഔദ്യോഗികമായി അറിയിക്കുന്നു. കബാലിയുടെ വിക്കിപ്പീഡിയ പേജ് എഡിറ്റ് ചെയ്ത ആരോ കൊടുത്ത പണിയാണ് മമ്മൂട്ടിയുടെ പേര്, പിന്നീട് വിക്കീപ്പീഡിയ ടീം പേജ് തിരുത്തി മമ്മൂട്ടിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. 

ജൂലായ് ഒന്നിന് കബാലി തിയറ്ററുകളിലെത്തുമെന്നാണ് സൂചന. രാധികാ ആപ്‌തേയാണ് നായിക. മൈലാപ്പൂര്‍ മുതല്‍ മലേഷ്യ വരെ അധോലോക സാമ്രാജ്യം സ്ഥാപിച്ച കബാലീശ്വരന്‍ എന്ന ഡോണിനെയാണ് രജനി അവതരിപ്പിക്കുന്നത്.