സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറുന്ന കീകി ചലഞ്ച് അപകടമാണെന്ന് അധികൃതര്‍ മുന്നറിയിപ്പേകിയിട്ടുണ്ട്

സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടയ്ക്ക് ഓരോ ചലഞ്ച് ഹിറ്റാകാറുണ്ട്. ഐസ് ബക്കറ്റ് ചലഞ്ചും ഹെല്‍ത്ത് ഇന്ത്യ ചലഞ്ചും എന്നുവേണ്ട വൈറല്‍ വെല്ലുവിളികള്‍ നിരവധിയാണ്.കീകി ചലഞ്ചാണ് ആ നിരയിലേക്ക് എത്തിയ പുതിയ ഐറ്റം.

കീകി ചലഞ്ച് അപകടം നിറഞ്ഞതായതിനാല്‍ തന്നെ സര്‍ക്കാരുകള്‍ ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചലച്ചിത്ര താരങ്ങളില്‍ പലരുമാണ് ഇത്തരം ചലഞ്ചുകള്‍ ആദ്യം ഏറ്റെടുക്കുന്നതും ഹിറ്റാക്കുന്നതും.

ക്വീന്‍ നായിക സാനിയ ഇനിയപ്പനാണ് കീകിയിലെ ആദ്യ താരസാന്നിധ്യം. സാനിയയുടെ വീഡിയോ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നുള്ള കീകി ഡാന്‍സ് ചലഞ്ചിന് സമാനമായ ഗാനരംഗമാണ് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്.

നാണയം എന്ന സിനിമയ്ക്കുവേണ്ടി ഇരുവരും മത്സരിച്ച് ഡാന്‍സ് കളിക്കുന്ന ഗാനരംഗത്തിന്‍റെ വീഡിയോ കുത്തിപൊക്കി മമ്മൂട്ടിയും മോഹന്‍ലാലുമാണോ കീകി ഡാന്‍സിന്‍റെ ആശാന്‍മാരെന്ന രസകരമായ ചോദ്യം കൂടിയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും മമ്മൂക്കയുടെയും ലാലേട്ടന്‍റെയും ഡാന്‍സ് കണ്ടാല്‍ കീകി ചലഞ്ച് ഒന്നുമല്ലെന്ന് ബോധ്യമാകും.