Asianet News MalayalamAsianet News Malayalam

'മാമാങ്കം' വിവാദത്തില്‍ മമ്മൂട്ടി ഇടപെട്ടില്ലേ? സംവിധായകന്റെ മറുപടി

താന്‍ രചിച്ച തിരക്കഥ പൊളിക്കാതെ ഇനി ഷൂട്ടിംഗുമായി മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും ഒപ്പം പൂര്‍ണമായും തന്റെ വരുതിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍മ്മാതാവ് ശാഠ്യം പിടിച്ച സമയത്ത് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നുവെന്ന് സജീവ് പിള്ള പറഞ്ഞു.
 

mammootty took a stand in the maamaankam controversy says director sajeev pillai
Author
Thiruvananthapuram, First Published Feb 2, 2019, 8:55 PM IST

മലയാളസിനിമയില്‍ ഏറെക്കാലത്തിന് ശേഷം ഒരു സിനിമയെച്ചൊല്ലി വിവാദം കൊഴുക്കുകയാണ്. നവാഗതനായ സജീവ് പിള്ള തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച്, കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയ്ക്കാണ് 'മാമാങ്കം' എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പക്ഷേ ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ കണ്ണൂരില്‍ ആരംഭിച്ചപ്പോള്‍ സംവിധായകന്റെ കസേരയില്‍ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ളയല്ല, മറിച്ച് മുതിര്‍ന്ന സംവിധായകന്‍ എം പത്മകുമാറാണ്. സംഭവം വിവാദമായതോടെ നിര്‍മ്മാതാവ് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. നിര്‍മ്മാതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സജീവ് പിള്ള. സിനിമാമേഖലയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക അടക്കം നിര്‍മ്മാതാവിനൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സജീവ് പറഞ്ഞത്. എന്നാല്‍ തര്‍ക്കങ്ങളുടെ ഒരു ഘട്ടത്തിലും ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്മൂട്ടി ഇടപെട്ടില്ലേ? മമ്മൂട്ടി അഭിപ്രായം പറഞ്ഞിരുന്നുവെന്നാണ് സജീവ് പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

താന്‍ രചിച്ച തിരക്കഥ പൊളിക്കാതെ ഇനി ഷൂട്ടിംഗുമായി മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും ഒപ്പം പൂര്‍ണമായും തന്റെ വരുതിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍മ്മാതാവ് ശാഠ്യം പിടിച്ച സമയത്ത് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നുവെന്ന് സജീവ് പിള്ള പറഞ്ഞു. ആ ചര്‍ച്ചയില്‍ തെലുങ്ക് സിനിമാമേഖലയില്‍ നിന്ന് അതിനകം കൊണ്ടുവന്ന അസോസിയേറ്റുകളെ ഒഴിവാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും. 'ഇതര നാട്ടുകാരായ അസോസിയേറ്റുകളെ ഒഴിവാക്കണമെന്നും മലയാളത്തില്‍ നിന്നുതന്നെ തഴക്കം ചെന്ന അസോസിയേറ്റുകളെ വെക്കണമെന്നുമുള്ള നിര്‍ദേശം ആ ചര്‍ച്ചയില്‍ ഉണ്ടായി. സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തിട്ടുള്ള ഒരാളെപ്പോലും അസോസിയേറ്റ് ആയി വെക്കരുതെന്നായിരുന്നു മമ്മൂക്കയുടെ നിര്‍ദേശം.' 

mammootty took a stand in the maamaankam controversy says director sajeev pillai

എന്നാല്‍ ആ നിര്‍ദേശം ചെവിക്കൊള്ളാന്‍ നിര്‍മ്മാതാവ് തയ്യാറായില്ലെന്നും തന്നെ നിയന്ത്രിക്കാന്‍ സീനിയറായ ഒരാളെ കൊണ്ടുവരണമെന്ന് ശാഠ്യം പിടിച്ചുവെന്നും സജീവ് പിള്ള. 'പിന്നാലെ എനിക്ക് ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചു. അങ്ങനെ മമ്മൂക്കയുടെ സാന്നിധ്യത്തില്‍ നടന്ന ധാരണ പാലിക്കപ്പെട്ടില്ല.' അധികം വൈകാതെ നിര്‍മ്മാതാവ് രണ്ടാം ഷെഡ്യൂളില്‍, അദ്ദേഹം കൊണ്ടുവന്ന തെലുങ്ക് സിനിമാ പശ്ചാത്തലമുള്ള അസോസിയേറ്റിനെ വച്ച് ഷൂട്ട് പ്ലാനിംഗുമായി മുന്നോട്ടുപോയെന്നും എന്നാല്‍ ഫെഫ്കയുടെയും മമ്മൂട്ടിയുടെയും ഇടപെടല്‍ മൂലം അത് നടന്നില്ലെന്നും സജീവ് പിള്ള പറയുന്നു. മമ്മൂട്ടിയുടെ ഇടപെടലിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് നിര്‍മ്മാതാവ് അദ്ദേഹത്തിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണെന്നും സജീവ് പിള്ള കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios