താലി മാലയെയും വിവാഹ മോതിരത്തെയും കുറിച്ച് ആര്യ.
അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. ഇപ്പോളിതാ വിവാഹത്തിന് തമിഴ് സ്റ്റൈൽ താലി ഉപയോഗിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ.
''എന്റേത് വിശ്വകർമ താലിയാണ്. ഒരു തമിഴ് താലിയാണ് അത്. എനിക്ക് തമിഴുമായി ബന്ധമുണ്ട്. അമ്മയുടെ കുടുംബത്തിന് തമിഴ് റൂട്ട്സുണ്ട്. അതുകൊണ്ട് ഞാൻ പാതി തമിഴാണ്. അതുകൊണ്ടു തന്നെ തമിഴ് താലി എനിക്ക് ഇഷ്ടമാണ്. തമിഴ് താലി കുറച്ച് കൂടി വലുതാണ്. എനിക്ക് അത്ര വലിപ്പം വേണ്ടാത്തതുകൊണ്ടാണ് ചെറുതാക്കി ഇങ്ങനൊരു താലി തയ്യാറാക്കി എടുത്തത്'', സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആര്യ പറഞ്ഞു.
വിവാഹമോതിരം കപ്പിൾ ബാൻഡ് മാതൃകയിലാണ് ചെയ്തതെന്നും സിബിന്റേതും തന്റേതും ഒരുപോലുള്ള വിവാഹ മോതിരം ആണെന്നും ആര്യ പറഞ്ഞു. ''പേരെഴുതൽ പരിപാടികളോട് ഞങ്ങൾ രണ്ടു പേർക്കും താത്പര്യമില്ല. ഇത് എല്ലാ ദിവസവും ഞങ്ങൾക്ക് ധരിക്കാൻ പറ്റുന്ന തരത്തിലുള്ള മോതിരമാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു മോതിരം തിരഞ്ഞെടുത്തത്'', ആര്യ കൂട്ടിച്ചേർത്തു.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ എത്തിയിരുന്നത്. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു.ബിഗ് ബോസ് സീസൺ 6ലെ വൈൽഡ് കാർഡ് എൻട്രിയായാണ് സിബിൻ മത്സരത്തിൽ പങ്കെടുത്തത്. തന്റെ യുട്യൂബ് ചാനലിലൂടെ കല്യാണവുമായി ബന്ധപ്പെട്ട എല്ലാ ഫംങ്ഷന്റേയും വീഡിയോ പുറത്ത് വിടുമെന്ന് ആര്യ അറിയിച്ചിരുന്നു. ആദ്യപടിയായി ആര്യയുടെ ചാനലിൽ പോസ്റ്റ് ചെയ് മെഹന്ദി ചടങ്ങിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
