കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതകഥ വെളിപ്പെടുത്തി നടൻ ദീപൻ മുരളി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ വിറക് കച്ചവടം മുതൽ പലവിധ ജോലികൾ ചെയ്തു. കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ച അദ്ദേഹം 2012-ലാണ് അഭിനയരംഗത്ത് എത്തിയത്.
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടിയ നടനാണ് ദീപന്‍ മുരളി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി കൂടെയായ ദീപന്‍, നിരവധി ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും എത്തിയിട്ടുണ്ട്. ഇപ്പോളിതാ വേദനകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ജീവിതകഥ പങ്കുവെച്ചിരിക്കുകയാണ് താരം. ബിഗ്ബോസിൽ പോലും ഈ ജീവിതകഥ താൻ പറഞ്ഞിട്ടില്ലെന്ന് ദീപൻ പറയുന്നു.
''മിഡിൽ ക്ലാസ് ഫാമിലിയാണ് എന്റേത്. അച്ഛന് വലത് കൈ ഇല്ല. അതിന്റേതായ പരിമിതികൾ ഉണ്ടായിരുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു മൂന്നര വർഷത്തോളം അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. ആർക്കും വരുമാനവുമില്ല. ഞാനും അമ്മയും ചേട്ടനും അമ്മൂമ്മയുമുണ്ട്. എവിടെ എങ്കിലും എത്തണം, പൈസയുണ്ടാക്കണം എന്നൊക്കെയുള്ള ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. കോഴി, ആട് എന്നിവയെയെല്ലാം വളർത്തിയിട്ടുണ്ട്.
വീട്ടിൽ ഏറ്റവും നന്നായി പഠിക്കുന്നയാൾ ഞാൻ ആയിരുന്നു. പക്ഷേ, പത്താം ക്ലാസിൽ വിചാരിച്ചതുപോലെ മാർക്ക് കിട്ടിയില്ല. അതോടെ അച്ഛനും അമ്മയും അമ്മൂമ്മയും എല്ലാം ഡൗണായി. ആ സമയത്ത് മാർക്ക് കുറഞ്ഞവർക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഞാൻ നല്ല മാർക്ക് വാങ്ങിയില്ലെന്നതുകൊണ്ട് തന്നെ എന്നെ പ്ലസ് വണ്ണിൽ ചേർക്കാൻ അവർ ആവേശം കാണിച്ചില്ല. ഓപ്പൺ സ്കൂളിലാണ് പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചത്. അപ്പോഴെല്ലാം കലാരംഗത്ത് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. ഫിഷ് മാർക്കറ്റിൽ ലേലം നടക്കുന്ന സമയത്ത് കണക്കെഴുത്തുകാരനായി പോയിട്ടുണ്ട്. കൊച്ചച്ചന്റെ കടയിൽ അഞ്ഞൂറ് രൂപ ശമ്പളത്തിന് ജോലി ചെയ്തിട്ടുണ്ട്. പ്രീഡിഗ്രിക്ക് പഠിച്ചവരുടെ മലയാളം നോട്ട്ബുക്ക് വാങ്ങി പഠിച്ചാണ് പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഫസ്റ്റ് ക്ലാസ് വാങ്ങിയത്. വിറക് കച്ചവടം വരെ ഞാൻ ചെയ്തിട്ടുണ്ട്.
പിന്നീട് ട്രാവൽ ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി കിട്ടി. അതിനു ശേഷമാണ് എന്റെ കയ്യിൽ ഉണ്ടായിരുന്ന സേവിങ്സ് വെച്ച് മൾട്ടിമീഡിയ ആന്റ് ഫിലിം മേക്കിങ്ങ് പഠിക്കാൻ പോകുന്നത്. ജോലി ചെയ്തുകൊണ്ടാണ് പഠിച്ചത്. അന്ന് അഞ്ച് ബെസ്റ്റ് സ്റ്റുഡന്റ്സിൽ ഒരാൾ ഞാനായിരുന്നു. 2012ലാണ് മഴവിൽ മനോരമയിലെ സീരിയലിലൂടെ അഭിനയം ആരംഭിച്ചത്'', എന്ന് കൈരളി ടിവിക്കു നൽകിയ അഭിമുഖത്തിൽ ദീപൻ പറഞ്ഞു.



