പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവാണ് നടനുമായ നിഹാല്‍ പിള്ള.
സാമ്പത്തിക തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവെച്ച് നടനും യൂട്യൂബറുമായ നിഹാൽ പിള്ള. സഹോദരിക്ക് വേണ്ടി ഒരു ബിൽഡിങ് പണിയാൻ വേണ്ടി സമീപിച്ച കോൺട്രാക്ടറിൽ നിന്നാണ് താൻ തട്ടിപ്പിന് ഇരയായതെന്നും നിഹാൽ പിള്ള പറയുന്നു. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവു കൂടിയാണ് നിഹാൽ പിള്ള. പൃഥ്വിരാജ് നായകനായ മുംബൈ പോലീസ് എന്ന ചിത്രത്തിലും നിഹാൽ അഭിനയിച്ചിട്ടുണ്ട്.
2017ലാണ് താൻ തട്ടിപ്പിന് ഇരയായത് എന്നാണ് നിഹാൽ പിള്ളി വീഡിയോയിൽ പറയുന്നത്. നിഹാലിന്റെ അമ്മയും വ്ളോഗിൽ ഒപ്പമുണ്ടായിരുന്നു. ''സഹോദരിയുടെ സ്ഥലത്ത് ഒരു ബിൽഡിംഗ് പണിയാൻ കോൺട്രാക്ടറെ സമീപിച്ചിരുന്നു. വ്യക്തിജീവിതത്തിലും പല പ്രശ്നങ്ങളും നേരിട്ടിരുന്ന സമയം ആയിരുന്നു അത്. സിനിമയിൽ ക്ലിക്കായില്ല. പ്രിയ ഗർഭിണിയാണ്. വിശ്വാസം തോന്നിയപ്പോൾ അഡ്വാൻസായി 9 ലക്ഷം രൂപ അയാൾക്ക് നൽകി. പ്രിയയുടെ സ്വർണം പണയം വെച്ചാണ് ആ പണം കൊടുത്തത്. കമ്പിയിറക്കണം എന്ന് പറഞ്ഞാണ് അയാൾ പണം വാങ്ങിയത്. പക്ഷേ കമ്പി ഇറക്കിയില്ല. പണി തുടങ്ങുന്നത് വരെ പണയം വെച്ച സ്വർണത്തിന്റെ പലിശ അടയ്ക്കാൻ സഹായിക്കണം എന്ന് ഞാൻ പറഞ്ഞിരുന്നു. ആദ്യത്തെ മൂന്നോ നാലോ മാസം പലിശ തന്നു. പിന്നെ തന്നില്ല. പണിയും നടന്നില്ല. ആ സമയത്ത് ഭയങ്കര ഡിപ്രസ്‍ഡ് ആയിരുന്നു.
എട്ട് വർഷമായിട്ടും ഇന്നും ആ ട്രോമയുണ്ട്. പ്രിയക്ക് ആ സമയത്ത് മിസ് ക്യാരേജുണ്ടായി. ഇതിന്റെ സ്ട്രസ് കൊണ്ടായിരിക്കാം. അത്രയും അയാൾ ഉപദ്രവിച്ചിട്ടുണ്ട്. അതൊക്കെ കഴിഞ്ഞാണ് ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയത്. ചാനലിൽ ഈ കാര്യം പറഞ്ഞപ്പോൾ കുറേ പേർ കണ്ടു. അങ്ങനെ അയാളെന്നെ വിളിച്ചു. പേര് പറയരുതേ ആ വീഡിയോ അൺലിസ്റ്റ് ചെയ്യാമോ എന്നൊക്കെ ചോദിച്ചു. മുൻപ് ഭീഷണിപ്പെടുത്തിയയാൾ വീഡിയോ വന്നതോടെ എന്നോടും അമ്മയോടും അപേക്ഷിക്കുകയായിരുന്നു. ഇയാൾ കാരണം ഒരുപാട് പേർ പറ്റിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
ആ സമയത്ത് യൂട്യൂബ് ചാനലുള്ളതിനാൽ സാമ്പത്തിക സ്ഥിരതയുണ്ടായിരുന്നു. പണം പോയാലും ഇയാളെ പൊതുമധ്യത്തിൽ കൊണ്ടുവരണം എന്നുണ്ടായിരുന്നു. എനിക്ക് യൂട്യൂബിൽ റീച്ച് ഉണ്ടായതോടെ അയാൾക്ക് ഭയമായി. പല പ്രാവശ്യമായി കുറച്ചു പണം തന്നു. ഇപ്പോഴും ബാക്കി പൈസ തരാനുണ്ട്'', നിഹാൽ പിള്ള പറഞ്ഞു.